ഈ ആലപ്പുഴ പാട്ടിന് ഇറ്റാലിയൻ സംഗീതം

ആലപ്പുഴയെ കുറിച്ചുള്ള പാട്ടെന്നു കേൾക്കുമ്പോൾ ആദ്യം ഓർമവരിക വഞ്ചിപ്പാട്ടിന്റെ താളമോ ഞാറ്റുപാട്ടിന്റെ ഈരടിയോ ആയിരിക്കും. എന്നാൽ ഈ ആലപ്പുഴപ്പാട്ട് അങ്ങനെയല്ല. ഇതിനൊരു ഇറ്റാലിയൻ താളമാണ്. 'ഒരു കാറ്റിൽ ഒരു പായ്ക്കപ്പൽ' എന്ന ചിത്രത്തിലേതാണ് ഈ ഗാനം. 'നീലക്കായൽ' എന്ന ഗാനം ആലപിച്ചിരിക്കുന്നത് സ്വാതി പ്രവീൺ കുമാറാണ്. സന്തോഷ് വർമയടെതാണ് വരികൾ ബിജിപാലിന്റെതാണ് സംഗീതം. ഈ ഗാനത്തെ കുറിച്ച് ബിജിപാൽ തന്റെ ഫെയ്സ്ബുക്കിൽ കുറിച്ചത് ഇങ്ങനെ.

'നീലക്കായൽ : സംവിധായകൻ വിജയകുമാറുമായുള്ള ചർച്ചയിൽ ആലപ്പുഴയെക്കുറിച്ചുള്ള ഒരു പാട്ടു വേണമെന്നു തീരുമാനിച്ചു. ഇതിനു മുമ്പ് തൃശൂർ, ഇടുക്കി, കോട്ടയം എന്നീ ഇടങ്ങളെ പറ്റി പാട്ടുകൾ ചെയ്തെങ്കിലും ഇതെങ്ങനെ വ്യത്യസ്തവും രസകരവും ആക്കാമെന്ന് ചിന്തിച്ചു. ഒരു ഇറ്റാലിയൻ യുവതിയുടെ ഡയറിത്താളുകളിലൂടെ കിഴക്കിന്റെ വെനീസിൽ നടക്കുന്ന മധുര പ്രണയകഥ പറയുന്ന ചിത്രമാകയാൽ ഇറ്റാലിയൻ സംഗീതത്തിന്റെ രുചി പാട്ടിനു കൊടുക്കാമെന്ന് കരുതി. "കിഴക്കെത്തിടും വെനീസിലെ പെണ്ണായ് തോന്നും, അഴിച്ചിട്ടൊരീ കയർ കെട്ടുകൾ അവളുടെ തനിച്ചെമ്പൻമുടി" എന്ന് സന്തോഷ് വർമ്മ എഴുതിയപ്പോൾ അത് കൃത്യമായി.കേൾക്കുമല്ലോ'.

ഷൈൻ ടോം ചാക്കോ, മൈഥിലി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. യുവനടൻ വിജയകുമാറാണ് ചിത്രത്തിന്റെ സംവിധാനം.