അഭിനന്ദനമായിരുന്നില്ല, അന്ന് പണമായിരുന്നു ആവശ്യം: എ ആർ റഹ്മാൻ

ഗാനം ഹിറ്റ് ചാർട്ടിൽ ഇടം നേടുമോ എന്നു നോക്കിയല്ല ഒരു ഗാനത്തിനും സംഗീതം നൽകാറുള്ളതെന്ന് എ ആർ റഹ്മാൻ. ഒരു കംപോസിങ് നടത്തുമ്പോൾ വ്യക്തിപരമായി അലട്ടുന്ന എല്ലാ പ്രശ്നങ്ങളെയും മനസിൽ നിന്നു മാറ്റി നിർത്തും. സംഗീതം വരുന്നതു പ്രകൃതിയിൽ നിന്നാണ്. നമ്മെ അലട്ടുന്ന പ്രശ്നങ്ങളെ മാറ്റി നിർത്തിയാൽ നമുക്കത് വ്യക്തമായി കേൾക്കാനാകുമെന്നും എ ആർ റഹ്മാൻ പറഞ്ഞു. 

'റോജ'യിൽ സംഗീതം നൽകുമ്പോൾ അതൊരിക്കലും അത്രയും ഹിറ്റാകുമെന്നു കരുതിയിരുന്നില്ല. അന്നു ഞാൻ ആദ്യം ചെയ്തത് എന്റെ മനസിനെ ശാന്തമാക്കുകയായിരുന്നു. അപ്പോള്‍ എനിക്കു കൃത്യമായ സംഗീതം ലഭിച്ചു. ഗാനം ചിട്ടപ്പെടുത്തി മണി രത്നത്തെ കേൾപ്പിച്ചു. അദ്ദേഹത്തിനു ഇഷ്ടമായി. അതു സിനിമയിൽ ഉപയോഗിച്ചു. പിന്നെ ഹിറ്റായതെല്ലാം തികച്ചും യാദൃശ്ചികമായ സംഭവം മാത്രം. എന്നെ സംബന്ധിച്ചിടത്തോളം അഭിനന്ദനത്തേക്കാൾ അന്ന് ആവശ്യം പണമായിരുന്നു. കാരണം എന്റെ ജീവിതമാർഗവും സംഗീതമാണല്ലോ. റോജയിലെ സംഗീതവും അങ്ങനെ ചെയ്തതാണ്. ഞാൻ എന്റെ ജോലി ചെയ്തു. കൃത്യമായ പ്രതിഫലവും ലഭിച്ചു. അന്നും ഇന്നും അങ്ങനെ തന്നെയാണ്. . 

ഒരു അഭിനന്ദനവും ആഗ്രഹിച്ചല്ല സംഗീതം നൽകാറുള്ളത്. ഒരു ഗാനം റിലീസ് ആകുന്നതു വരെ ഞാൻ അതിനെ പറ്റി ചിന്തിക്കും. ആശങ്കപ്പെടും. പക്ഷെ, റിലീസ് ആയിക്കഴിഞ്ഞാൽ പിന്നെ അതേപറ്റി ഓർക്കില്ല. ബാക്കിയെല്ലാം തീരുമാനിക്കുന്നത് ആസ്വാദകരാണ്. ഗാനത്തിനു വരുന്ന അഭിപ്രായം എന്താണെന്നു പോലും പലപ്പോഴും ഞാൻ അറിയാറില്ല. കാരണം മിക്കവാറും ഞാൻ എന്റെ അടുത്ത കമ്പോസിങിലേക്കു കടന്നു കാണും. നല്ല അഭിപ്രായങ്ങൾ യാദൃശ്ചികമായി ആരെങ്കിലും പറഞ്ഞു അറിഞ്ഞാൽ ഒരു സന്തോഷം തോന്നും. അത്രമാത്രം- റഹ്മാൻ പറഞ്ഞു. 

കാലാനുസൃതമായി ഇന്ത്യൻ സിനിമയിലെ സംഗീതത്തിനു മാറ്റം വരുന്നുണ്ട്. ചിലപ്പോൾ അതു നല്ലതാകാം. അല്ലെങ്കിൽ മോശമാകാം. ആസ്വാദകരുടെ ചിന്തയിലും മാറ്റം ഉണ്ട്. ഒരേ സമയം ഗൗരവത്തോടെയും ലാഘവത്തോടെയും സംഗീതത്തെ സമീപിക്കുന്നവരാണ് ഈ തലമുറയിലുള്ളത്. പല രീതിയിലുള്ള ആളുകള്‍ക്കിടയിലേക്കാണ് നമ്മൾ നമ്മുടെ ഒരു കംപോസിങ് എത്തിക്കുന്നത്. നമ്മൾ കൃത്യമായ രീതിയിൽ പഠനം നടത്താതെ അവതരിപ്പിച്ചാൽ ചിലപ്പോൾ  ജനം അതു തള്ളും. അപ്പോൾസംഗീതം ഒരു അനാഥനെ പോലെയോ അച്ഛനില്ലാത്ത കുഞ്ഞിനെ പോലെയോ ആകും. അതുകൊണ്ടു തന്നെ തീർച്ചയായും  ഇക്കാര്യത്തിൽ നമുക്ക് ഒരു ഉത്തരവാദിത്തം ഉണ്ടായിരിക്കണമെന്നും റഹ്മാന്‍ കൂട്ടിച്ചേർത്തു.