Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാൻ ഇപ്പോഴും പാടുന്നുണ്ട്: ജി വേണുഗോപാൽ

g-venugopal ജി വേണുഗോപാൽ

'കര്‍ണികാര തീരങ്ങൾ കഥകളിയുടെ പദമാടി'യപ്പോൾ ഓർമയിലേക്ക് എത്തുകയായി ഒരു വേണു നാദം; അത്രമേൽ ആർദ്രമായി. ‘ഉണരുമീ ഗാനം... ഉരുകുമെൻ ഉള്ളം...’ എത്ര പുലരികളിലാണ് ആ സ്വരം ഉണർത്തിയത്. എത്ര രാത്രികളിലാണു താരാട്ടായത്. നമ്മുടെ മൗനത്തിനും ഏകാന്തതയ്ക്കും സ്വപ്നങ്ങൾക്കും പ്രണയത്തിനും കൂട്ടായി ശാന്തമായ ഒരു പുഴപോലെ ഒഴുകുകയാണ് ആ സ്വരം; കാലങ്ങൾക്കിപ്പുറത്തേക്ക്. ‘താനേ പൂവിട്ട മോഹം’ പോലെ. ഓര്‍മയുടെ ചില്ലയിൽ ഇപ്പോഴും ചേക്കേറുന്നില്ലേ ‘മഞ്ഞിൻ ചിറകുള്ള വെള്ളരിപ്രാവ്’. ചന്ദനത്തിന്റെ നൈർമല്യമുള്ള ഇത്തിരി ഗാനങ്ങൾ. മനസ്സിൽ പതിഞ്ഞ ആ പാട്ടുകൾ മതി ജി. വേണുഗോപാൽ എന്ന ഭാവഗായകനെ മലയാളി മറക്കാതിരിക്കാൻ. ‘ആത്മാവിലെ കൈത്തിരി’യാകുന്ന ഒരു ഗാനവുമായി വീണ്ടും എത്തുകയാണ് ജി. വേണുഗോപാൽ. ഗാനഗന്ധർവൻ യേശുദാസിനെക്കുറിച്ച് നവാഗതനായ ജോൺ ജോസഫ് എഴുതിയതാണ് ഈ ഗാനം. ഒരിടവേളയ്ക്കു ശേഷം പാടിയ ആ ഗാനത്തെക്കുറിച്ചു സംസാരിക്കുകയാണ് ജി. വേണുഗോപാൽ. ഒപ്പം ഇത്തിരി പാട്ടുവിശേഷങ്ങളും. 

ആത്മാവിലെ കൈത്തിരി...

ജോൺ ജോസഫ് എന്നൊരാൾ‌ എഴുതി കംപോസ് ചെയ്ത പാട്ടാണ് ‘ആത്മാവിലെ കൈത്തിരിയായ് തെളിയുന്നു നിൻ സംഗീതം’. എനിക്ക് ആ പാട്ടു കേട്ടപ്പോൾ അദ്ദേഹത്തോടു ബഹുമാനം തോന്നി. ഒരായുഷ്ക്കാലം മുഴുവൻ ഉള്ളിൽ കൊണ്ടു നടന്ന ആരാധനയുടെ ബാക്കിപത്രമായിരുന്നു ആ പാട്ട്. 

സാധാരണയായി എല്ലാവരും എഴുതും, അല്ലെങ്കിൽ കംപോസ് ചെയ്യും . ഇത് എഴുതി, അയാൾ തന്നെ മനോഹരമായി ചിട്ടപ്പെടുത്തി. അത് എനിക്ക് അട്രാക്ടീവ് ആയി തോന്നി. അതുതന്നെയല്ല, നമ്മുടെ ഉള്ളിലെ ആശയങ്ങൾക്കു മുഴുവനായും ചാരുതയേകാൻ പറ്റുന്ന കാര്യമാണ് എഴുതിയിട്ടു സ്വയം ട്യൂൺ ചെയ്യുക എന്നത്. മാത്രമല്ല അയാളൊരു ആത്മാർഥതയുള്ള ആരാധകനാണ്, ഈ ഫീൽഡിൽ പ്രവർത്തിക്കാത്തൊരു ആളും. സംഗീതത്തോടുള്ള അഭിനിവേശം മാത്രമാണ് ജോൺ ജോസഫിനെ ഇതിലേക്കു നയിച്ചത്. യേശുദാസിനോടുള്ള ആരാധന, അതും എനിക്ക് അട്രാക്ടീവ് ആയി തോന്നി. അതുകൊണ്ടാണ് ഞാൻ ഈ ഗാനം പാടാമെന്നു സമ്മതിച്ചത്. 

ഭംഗിയായി പാടിയ ഒരു പാട്ട്

ഞങ്ങളുടെ തലമുറയിലെ പാട്ടുകാരും ഇപ്പോഴത്തെ പാട്ടുകാരും പാടുന്നത് യേശുദാസിന്റെ പാട്ടുകളാണ്. ഞങ്ങളാരും ശാസ്ത്രീയ സംഗീതം മാത്രമല്ലായിരുന്നില്ലല്ലോ കൈകാര്യം ചെയ്തിരുന്നത്. സിനിമയിലേക്കായിരുന്നു വന്നത്. യേശുദാസിനോടുള്ള  ആരാധന എനിക്കു മനസ്സിലാകും. അതുകൊണ്ട് ഈ പാട്ടു പാടാനും ഉൾക്കൊള്ളാനുമൊക്കെ എനിക്കു സാധിച്ചിട്ടുണ്ട്.

ഒരുവിധം ഭംഗിയായി പാടാൻ സാധിച്ചെന്ന് എനിക്കു തോന്നുന്നു. മാത്രമല്ല, ഓൺലൈൻ മീഡിയ അത് വളരെയധികം സ്വീകരിച്ചും കഴിഞ്ഞു. കേട്ടവരൊക്കെ പറയുന്നത് അടുത്ത കാലത്ത് ഇത്രയും നല്ലൊരു പാട്ട് കേട്ടിട്ടില്ല എന്നാണ്. അതൊക്കെ സന്തോഷം തരുന്നു. 

പാട്ടിലുള്ളത് സ്വതസിദ്ധമായ ജ്ഞാനം

ജോണിന്റെ  സ്വതസിദ്ധമായ ഒരു ജ്ഞാനം ഈ പാട്ടിലുണ്ട്. ജോഗ് എന്ന രാഗം ബേസ് ചെയ്തിട്ടാണ് ഈ ഗാനം തുടങ്ങുന്നത്. ജോണ്‍ പഠിച്ചിട്ടില്ല എന്നേയുള്ളു. നല്ല സംഗീതമുണ്ട്. നമ്മുടെ സിനിമാ ഫീൽ‍ഡിലും സംഗീതം പഠിക്കാത്ത ഒരുപാട് ആളുകൾ ഉണ്ട്. കിഷോർ കുമാർ, എസ്.പി. ബാലസുബ്രഹ്മണ്യം.. ഇവരാരും സംഗീതം പഠിച്ചിട്ടില്ല, പക്ഷേ സംഗീതം പഠിച്ചവരേക്കാൾ ശ്രുതിശുദ്ധമായി, മനോഹരമായി പാടിയിട്ടുണ്ട്. പഠിക്കാത്തത് സ്വതസിദ്ധമായ കഴിവിന്റെ കുറവാകില്ല. സംഗീതജ്ഞാനം, ബോധം ഇവ വേണം. ഇതിനൊപ്പം കുറച്ചു കൂടി പഠിക്കുകയും വേണം. 

ഞാനിപ്പോഴും പാടിക്കൊണ്ടിരിക്കുന്നു

ഞാനിപ്പോഴും പാടുന്നുണ്ട്. റിലീസിനൊരുങ്ങുന്ന 'വാർത്തകൾ ഇതുവരെ' എന്ന ചിത്രത്തിൽ മൂന്നു പാട്ടുകള്‍ പാടുന്നുണ്ട്. രണ്ടു പാട്ടുകൾ കൈതപ്രം ദാമോദരൻ നമ്പൂതിരിയും ഒന്ന് വയലാർ ശരത്ചന്ദ്ര വർമയുമാണ്. മെജോ ജോസഫാണ് സംഗീതം. 'ഒറ്റയ്ക്കൊരു കാമുകൻ' എന്ന ചിത്രത്തില്‍ ഒരു ഗാനം പാടുന്നുണ്ട്. അതിന്റെ വരികള്‍ ഹരിനാരായണനാണ്. സംഗീതം മോഹൻസിത്താരയുടെ മകൻ വിഷ്ണു സിത്താരയാണ്. ഞാൻ പാടുന്നുണ്ട്, ഇടയ്ക്ക് ചിലത് ഹിറ്റാകുന്നുമുണ്ട്.

എനിക്ക് എന്റെ ലോകം, അതിൽ കുറച്ച് ആരാധകര്‍

ഇപ്പോൾ പല മേഖലകളിൽ എന്റെ പ്രവര്‍ത്തനം വ്യാപിച്ചു കിടക്കുന്നു. ഒരുകാലത്ത് സിനിമ മാത്രമായിരുന്നു. ഇപ്പോൾ കുറച്ചു ചാരിറ്റി പ്രവർത്തനങ്ങൾ കൂടി ചെയ്യുന്നുണ്ട്. അതുകൊണ്ട് പണ്ടു പാടിയിരുന്ന അത്രയും സജീവമല്ല.

ഒരുകാലത്തു സിനിമ മാത്രമായിരുന്നെങ്കിൽ ഇപ്പോൾ ഞാൻ എന്റെതായ ഒരു ലോകം സൃഷ്ടിച്ചെടുത്തു. എനിക്ക് എന്റെ ഒരു ലോകവും കുറച്ച് ആരാധകരുമുണ്ട്. അതിൽ ഞാൻ സംതൃപ്തനാണ്. എന്റെ പാട്ടുകൾ ഇഷ്ടപ്പെടുന്നവരോട് എന്നും ഞാൻ കടപ്പെട്ടിരിക്കുന്നു. മാത്രമല്ല, പുതിയ തലമുറയിൽ പുതിയ ആളുകൾ വരുന്നുണ്ട് .എന്റെ മകനും പാടുന്നുണ്ട്. എല്ലാവരും സജീവമാണ്. 

എനിക്കു കിട്ടിയത് തിരഞ്ഞെടുത്ത പാട്ടുകൾ

എന്നെ തിരഞ്ഞെടുക്കുന്ന പാട്ടുകൾ മാത്രമാണ് എനിക്കു കിട്ടിയിരുന്നത്. അല്ലാതെ ഒന്നും ഞാൻ തിരഞ്ഞെടുത്തവയല്ല. കിട്ടിയ പാട്ടുകൾ പാടി അവയൊക്കെ ഹിറ്റായി. മുപ്പതു വർഷങ്ങൾക്കിപ്പുറവും ആ പാട്ടുകളെല്ലാം ആളുകൾ ഇഷ്ടപ്പെടുന്നു എന്നതു സന്തോഷം തരുന്നു. 

മാത്രമല്ല, ഞാൻ പാടിയ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെയൊക്കെ കവിതകളും മറ്റും സിനിമപ്പാട്ടിനേക്കാൾ പോപ്പുലറായിട്ടുണ്ട്. കക്കാടിന്റെ ‘സഫലമീ യാത്ര’യും ചുള്ളിക്കാടിന്റെ ‘സന്ദർശന’വുമൊക്കെ. ഞാൻ ഈ കവികളോടൊക്കെ കടപ്പെട്ടിരിക്കുന്നു. 

സംഗീതത്തിൽ ഒരേ ഒരു ദുഃഖം മാത്രം

കച്ചവട സംസ്കാരം എല്ലാ മേഖലയിലുമുണ്ട്. അത് സംഗീതരംഗത്തും കടന്നു വരുന്നു എന്നു മാത്രം. പാട്ടുകൾ മോശമായതുകൊണ്ടല്ല. കാലത്തിന്റെ മാറ്റം കൊണ്ടാണ് പല പാട്ടുകളും ഓർക്കാതെ പോകുന്നത്.  

സിനിമയുടെ കാര്യത്തിലും, തൂവാനത്തുമ്പികൾ ഇന്നും ചർച്ച ചെയ്യപ്പെടുന്ന സിനിമയാണ്. മൂന്നാംപക്കമൊക്കെ പോലെ എത്രയെത്ര സിനിമകൾ.  ഇന്നിപ്പോൾ ഒരു സിനിമയും അങ്ങനെ ചർച്ച ചെയ്യപ്പെടുന്നില്ല. അത് സിനിമ മോശമായതുകൊണ്ടല്ല, പാട്ട് മോശമായതു കൊണ്ടുമല്ല. പാട്ടുകൾ ഇല്ലാതാവുന്നു എന്നല്ല, സംഗീതസംവിധായകർ ഇല്ലാതാവുന്നു എന്നുമല്ല.

ഇതുപോലെ വളരെ കഴിവുള്ളവർ  പുതിയ തലമുറയിലും ഉണ്ട്. എല്ലാവരുടെയും കരിയർ ലിമിറ്റഡ് ആവുന്നത് കാലഘട്ടത്തിന്റെ പ്രത്യേകതയാണ്. ഒരേയൊരു വിഷമം രചനകളുടെ അഭാവമാണ്. ധാരാളം കവിതകൾ ഗാനങ്ങളായി പെയ്തു നിറയുന്നൊരു കാലമുണ്ടായിരുന്നു. ഇപ്പോൾ രചനകൾ അത്ര നടക്കുന്നില്ല; റഫീഖ് അഹമ്മദിനെ പോലുള്ള ചിലരുണ്ടെങ്കിൽക്കൂടിയും. നല്ല പാട്ടുകൾ എഴുതാൻ കാമ്പുള്ള സിനിമകളും തിരക്കഥകളും വരണം.