ഇന്ത്യ പറയുന്നു: പ്രിയപ്പെട്ട റഹ്മാൻ നന്ദി!

പരമ്പരാഗത ഇന്ത്യൻ സംഗീതത്തെ ആഗോളതലത്തിലേക്ക് എത്തിക്കാൻ കച്ചമുറുക്കുകയാണ് സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ.  ആഗസ്റ്റ് പതിനഞ്ചിനു നടക്കുന്ന ആമസോൺ സീരീസിലാണ് റഹ്മാൻ പരമ്പരാഗത ഇന്ത്യൻ സംഗീതത്തെ ലോകത്തിനു പരിചയപ്പെടുത്തുന്നത്. 

പഴമയും പുതുമയും ഇടകലർത്തിയ ഒരു സംഗീത ഹാർമണിയാണ് റഹ്മാന്‍ ആരാധകർക്കായി ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ നാലുഭാഗങ്ങളിലുള്ള സംഗീതജ്ഞരുമായി അദ്ദേഹം സംസാരിച്ചു. ഒരു പ്രദേശത്തെ ഭൂപ്രകൃതിയുമായി ആ സംഗീതം എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്നായിരുന്നു റഹ്മാൻ അന്വേഷിച്ചത്. പരിപാടിയിൽ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള നാലു സംഗീതജ്ഞർ റഹ്മാനൊപ്പം എത്തും. 

പരിപാടിയെ കുറിച്ച് റഹ്മാൻ പറഞ്ഞത് ഇങ്ങനെ: 'ശബ്ദങ്ങളുടെ പുനരാവിഷ്കരണമാണ് ഈ പരിപാടിയുടെ ലക്ഷ്യം. പാരമ്പര്യത്തിൽ ഊന്നി നിന്നുകൊണ്ടു തന്നെ പഴമയുടെ സംഗീതം പുതുമയോടെ പുനരാവിഷ്കരിക്കുകയാണ് ഇവിടെ. ഈ പരിപാടിയെ സംബന്ധിച്ച് ഞാൻ വളരെ ആകാംക്ഷയിലാണ് . പരമ്പരാഗത ഇന്ത്യൻ സംഗീതം ലോകം എങ്ങനെ സ്വീകരിക്കുമെന്നറിയാൻ കാത്തിരിക്കുകയാണ്.'

ഈ സംഗീത വിരുന്ന് കേരളത്തിനു കൂടി അഭിമാനിക്കാവുന്നതാണ്. ദക്ഷിണേന്ത്യയെ പ്രതിനിധീകരിച്ച് കലാമണ്ഡലം സജിത്താണ് റഹ്മാനൊപ്പം എത്തുന്നത്. ഉസ്താദ് മോഹി ബഹാ ഉൻ ദിൻ ദഗർ (മഹാരാഷ്ട്ര), ലോറമ്പം ബേദാബദി ദേവി (മണിപ്പൂർ), ഷെറിങ് ലെപ്ച (സിക്കിം) എന്നിവരാണ് പരിപാടിയില്‍ എത്തുന്ന മറ്റു ഇന്ത്യക്കാർ.