അവരിൽ മക്കളും കുടുംബവും വേണം: നിക്ക് ജോനാസ്

ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞെന്ന വാർത്തകളോടു പ്രതികരിച്ച് അമേരിക്കൻ പോപ്പ് ഗായകൻ നിക്ക് ജോനാസ്. ഒരു പരസ്യത്തിന്റെ പ്രചാരണാർഥം അമേരിക്കയിലെത്തിയപ്പോഴായിരുന്നു നിക്ക് ജോനാസിന്റെ പ്രതികരണം. പ്രിയങ്കയുമായുള്ള വിവാഹ നിശ്ചയം സംബന്ധിച്ച ചോദ്യങ്ങൾക്ക്, എനിക്കൊരു പങ്കാളിയും അവരിൽ കുഞ്ഞുങ്ങളും  വേണമെന്നായിരുന്നു നിക്കിന്റെ മറുപടി. ‘എന്റേതു മാത്രമായ ഒന്ന്. പെട്ടെന്നു തന്നെ അതുണ്ടാകുമെന്നാണ് പ്രതീക്ഷ’ എന്നും നിക്ക് പറഞ്ഞു. ‘പക്ഷേ, കൃത്യമായ സമയം എനിക്കിപ്പോൾ പറയാനാകില്ല. കുടുംബത്തിലുള്ളവരോടു സംസാരിച്ചിട്ടായിരിക്കും കൂടുതൽ തീരുമാനങ്ങളെടുക്കുക’. ആശംസകളറിയിച്ച ആരാധകനോടു നന്ദിയുണ്ടെന്നും നിക്ക് പറഞ്ഞു. 

അതേസമയം, വിവാഹ നിശ്ചയം സംബന്ധിച്ച വാർത്തകളോടു പ്രിയങ്ക പ്രതികരിച്ചത് ഇങ്ങനെ: ‘ജീവിതത്തിൽ എല്ലാ കാര്യങ്ങളും എനിക്കു പരസ്യപ്പെടുത്താനാകില്ല. അത് എന്റെ സ്വകാര്യതയാണ്. എല്ലാമൊന്നും പരസ്യപ്പെടുത്താനുള്ളതല്ല. എന്റെ ജീവിതത്തിന്റെ 90 ശതമാനവും പരസ്യമാണ്. പത്തു ശതമാനം മാത്രമാണ് എന്റേതായി ഉള്ളത്. ഞാ‍നും ഒരു സ്ത്രീയാണ്. അതു മറ്റുള്ളവരോടു വിശദീകരിക്കാൻ ആഗ്രഹിക്കുന്നില്ല.ഇത്തരം കാര്യങ്ങള്‍ ഞാൻ ചിലപ്പോൾ തമാശയായാണ് കാണുന്നത്. ചിലപ്പോൾ വിഷമം തോന്നാറുണ്ട്.’

ഇന്നത്തെ വാർത്ത നാളെ ചിലപ്പോൾ അസംബന്ധമാകാമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.