ഓണം കൊഴുക്കും; 'ഒന്നാം ആണിക്ക് തട്ടുകൊടു'ത്ത് സുരാജ്

ഈ ഓണക്കാലത്ത് 'ഒന്നാം ആണിക്ക് തട്ടുകൊടു'ത്ത് എത്തുകയാണ് സുരാജ് വെഞ്ഞാറമൂടും ഷൈൻ ടോം ചാക്കോയും.  കുട്ടനാടിന്റെ മനോഹാരിതയും. വള്ളംകളിയുമായാണ് 'ഒരു കാറ്റിൽ ഒരു പായ്ക്കപ്പൽ' എന്ന ചിത്രത്തിലെ ഈ ഗാനം എത്തുന്നത്. 

വള്ളം നിർമാണവും കുട്ടനാട്ടിലെ ചെറിയ ആഘോഷങ്ങളുമാണ് ഗാനത്തിന്റെ ഇതിവൃത്തം. വള്ളം പണിക്കാരുടെ അധ്വാനവും നീറ്റിലിറക്കുന്നതുമെല്ലാം ഗാനത്തിൽ ചിത്രീകരിച്ചിരിക്കുന്നു. കെ കെ നിഷാദാണ് ഗാനം ആലപിച്ചിരിക്കുന്നത്. സന്തോഷ് വർമയുടെതാണ് വരികൾ.

ചിത്രത്തിലെ 'നീലക്കായൽ' എന്ന ഗാനം നേരത്തെ റിലീസ് ആയിരുന്നു. പതിവിൽ നിന്നും വ്യത്യസ്തമായി ഇറ്റാലിയൻ സംഗീതത്തിന്റെ താളത്തിലാണ് 'നീലക്കായൽ' എത്തിയത്. ഗാനത്തിനു മികച്ച പ്രതികരണമായിരുന്നു. 

ആലപ്പുഴയിൽ നടക്കുന്ന പ്രണയകഥയാണ് ചിത്രം പറയുന്നത്. മൈഥിലിയാണ് ചിത്രത്തിലെ നായിക. യുവനടൻ വിജയകുമാറിന്റെ സംവിധാനത്തിൽ എത്തുന്ന ചിത്രത്തിനു സംഗീതം ഒരുക്കിയിരിക്കുന്നത് ബിജിപാലാണ്.