മഞ്ജുവിനൊപ്പം പാടാന്‍ കഴിഞ്ഞതിൽ സന്തോഷം: ചിത്ര

മഴവിൽ മാംഗോ മ്യൂസിക് അവാർഡിൽ മികച്ച ഗായികയായി തിരഞ്ഞെടുക്കപ്പെട്ടതിലെ സന്തോഷം പങ്കുവച്ച്  കെ.എസ്. ചിത്ര. 'പൂമരം' എന്ന ചിത്രത്തിലെ 'മൃദുമന്ദഹാസം' എന്ന  ഗാനത്തിനാണ് ചിത്രയ്ക്ക് പുരസ്കാരം ലഭിച്ചത്. അവാർഡ് ലഭിച്ചതിൽ എല്ലാവരോടും നന്ദിയുണ്ടെന്ന് ചിത്ര ഫെയ്സ്ബുക്കിൽ കുറിച്ചു. 

ചിത്രയുടെ പോസ്റ്റിന്റെ പൂർണ രൂപം:

'മഴവില്‍ മാങ്കോ മ്യൂസിക് അവാർഡിൽ മികച്ച ഗായികയായി തിരഞ്ഞെടുക്കപ്പെട്ടതിലുള്ള സന്തോഷം എല്ലാവരെയും അറിയിക്കുന്നു. പൂമരം എന്ന ചിത്രത്തിലെ മൃദു മന്ദഹാസം എന്ന ഗാനത്തിനാണ് എനിക്കു പുരസ്കാരം ലഭിച്ചത്. ഈ പുരസ്കാരം ലഭിച്ചതിൽ എല്ലാവരോടും നന്ദിയുണ്ട്. ചിത്രത്തിന്റെ സംവിധായകൻ എബ്രിഡ് ഷൈനിനോടും വരികൾ എഴുതിയ അറയ്ക്കൽ നന്ദകുമാറിനോടും ഈ അവസരത്തില്‍ പ്രത്യേകം നന്ദി പറയുന്നു. മാത്രമല്ല, പുരസ്കാര വേദിയിൽ എന്റെ കുഞ്ഞനുജത്തി മഞ്ജു വാര്യരോടൊപ്പം ഒരു പാട്ടുപാടാന്‍ കഴിഞ്ഞതിലും സന്തോഷം. അതൊരു നല്ല അനുഭവമായിരുന്നു.' 

സംഗീത രംഗത്തെ അതുല്യ പ്രതിഭകൾ അണിനിരന്ന പരിപാടിയായിരുന്നു മഴവിൽ മാംഗോ മ്യൂസിക് അവാർഡ്. ഓഗസ്റ്റ് 18, 19 തീയതികളിൽ മഴവില്‍ മനോരമയിൽ പരിപാടി സംപ്രേഷണം ചെയ്യും.