'റോജ'യിലെ ആ ഗാനങ്ങൾക്കു പിന്നിൽ

എ ആർ റഹ്മാന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ടുകൾ ഏതെന്നു ചോദിച്ചാൽ ആസ്വാദകർ സംശയമില്ലാതെ പറയും. അതു 'റോജ'യിലെ തന്നെ. 'റോജ'യിലെ ആ ഗാനങ്ങൾ പിറന്നതു എങ്ങനെയെന്നു കാണിച്ചു തരികയാണ് റഹ്മാന്റെ ഈ വിഡിയോ. കോടമ്പാക്കത്തെ പഞ്ചതൻ സ്റ്റുഡിയോയില്‍ നടന്ന പാട്ടുകളുടെ റെക്കോർഡിങാണ് പുതിയ വിഡിയോയിൽ ഉള്ളത്. 

എത്രനേരത്തെ ശ്രമഫലമാണ് ഒരു ഈണം എന്നു വ്യക്തമാക്കുന്നതാണ് വിഡിയോ. റോജയിലെ ചിന്ന ചിന്ന ആസൈ, കാതൽ റോജാവെ, തമിഴാ തമിഴാ എന്നീ ഗാനങ്ങളുടെ റെക്കോർഡിങാണ് വിഡിയോയിൽ ഉള്ളത്. പ്രശസ്ത സൗണ്ട് എൻജിനീയർ എച്ച് ശ്രീധറും കുഞ്ഞായിരുന്ന ജി വി പ്രകാശും റഹ്മാനൊപ്പം ഉണ്ട്. മുൻപ് ജി വി പ്രകാശ് തന്നെ കുട്ടിക്കാലത്തെ ഓർമകൾ എന്ന കുറിപ്പോടെ ഈ വിഡിയോയിലെ ഏതാനും ദൃശ്യങ്ങൾ പങ്കു വച്ചിരുന്നു.

ഗായിക സുജാതയും റഹ്മാനൊപ്പമുള്ള പഴയ ഓർമകൾ മുൻപ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. 'നിട്ര് ഇല്ലാത മാട്രം' എന്ന ഗാനം പാടി ശരിയാക്കാൻ പാടുപെട്ട വിഡിയോയാണ് സുജാത പങ്കുവച്ചത്. ഗാനത്തിലെ 'കാതലൻ സുവൈ' എന്ന വരിയായിരുന്നു സുജാത ആവർത്തിച്ചു പാടിയത്. 

എത്രതവണ പാടിയാലാണ് ഒരു ഗാനം നമ്മൾ കേള്‍ക്കും വിധം എത്തുന്നത്. ഒരു ഗാനം ചിട്ടപ്പെടുത്തുന്നതിന്റെ ബുദ്ധിമുട്ട് എത്രത്തോളമാണെന്ന് മനസിലാക്കാൻ ഈ റെക്കോർഡിങ് വിഡിയോ ഉപകരിക്കുമെന്ന് പറഞ്ഞാണ് വിഡിയോ സുജാത സ്വന്തം അനുഭവം പങ്കുവച്ചത്.