ആ കമ്മല്‍ എവിടെപ്പോയി..? വിവാദത്തിലെ സത്യം ഇങ്ങനെ

ശ്രീഹരിയുടെ പാട്ടിനു പിന്നാലെ ഉയർന്ന വിവാദത്തിന്റെ യാഥാർഥ്യം പറഞ്ഞ് മഴവിൽ മനോരമ സൂപ്പർ 4 ടീം. ശ്രീഹരി എന്ന മത്സരാർഥിയുടെ പാട്ടിനിടയിൽ കുറച്ച് ഭാഗത്ത് കമ്മലുള്ളതായും പിന്നീടുള്ള ഭാഗത്ത് കമ്മല്‍ ഇല്ലാതെയാണ് കാണിക്കുന്നത്. ഇത് തെറ്റിദ്ധാരണകൾക്കും വിമർശനങ്ങൾക്കും വഴിവച്ചു. ഇതിന്റെ പിന്നിലെ യാഥാർഥ്യം പറയുകയാണ് ശ്രീഹരിയും പരിപാടിയുടെ വിധികർത്താക്കളും.

യാഥാർഥ്യം ഇങ്ങനെ: ആദ്യം പാട്ട് ചിത്രീകരിക്കും, പിന്നീട് ഇതിന്റെ വിഷ്വൽ എഫക്ടിനു വേണ്ടി ജിബ്(ക്രെയിനിൽ വച്ച്  ചിത്രീകരിക്കുന്ന കാമറ) ഉപയോഗിച്ച് ചിത്രീകരിക്കും.  മത്സരാർഥിയെക്കൊണ്ട് രണ്ടു തവണപാടിക്കുമെങ്കിലും ആദ്യം പാടുന്നതാണ് മാർക്കിനു പരിഗണിക്കുക. ആ തവണ മത്സരാർഥി എന്തു തെറ്റുവരുത്തിയാലും പിന്നീടൊരു അവസരം നൽകില്ല. മാർക്കു നൽകുന്നതും ആദ്യം പാടുമ്പോഴാണ്. മാർക്കിട്ടതിനു ശേഷമാണ് രണ്ടാമതായി പാടിക്കുന്നതും പരിപാടി ദൃശ്യഭംഗിയുള്ളതാക്കാനുള്ള ഭാഗങ്ങൾ ചിത്രീകരിക്കുന്നതും.

ആദ്യം പാടുമ്പോൾ മത്സരാർഥികൾക്കും വിധികർത്താക്കൾക്കും പ്രേക്ഷകർക്കും ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് ജിബ് ഉപയോഗിച്ച് എടുക്കുന്ന ദൃശ്യങ്ങൾ പിന്നീട് ചിത്രീകരിക്കുന്നത്. ആദ്യം ശ്രീഹരി പാടിയപ്പോൾ ഫുൾ മാർക്ക് ലഭിച്ചു. ഇതേ തുടർന്നു ശ്രീഹരിയെ മറ്റു മത്സരാർഥികൾ ആശ്ലേഷിക്കുകയും എടുത്തു പൊക്കുകയും ചെയ്തു. ഇൗ സമയത്ത് കമ്മൽ താഴെ പോയത് അറിഞ്ഞില്ല. പിന്നീട് ജിബ് ഉപയോഗിച്ച് ചിത്രീകരിക്കുകയും ചെയ്തു. എഡിറ്റിങ്ങിൽ ആദ്യഭാഗവും രണ്ടാം ഭാഗവും കൂട്ടിച്ചേർത്തപ്പോൾ കുറച്ചുഭാഗത്ത് കമ്മലില്ലാത്തതായും ചിലയിടത്ത് കമ്മലുള്ളതായും വന്നു. ഇതാണ് തെറ്റിദ്ധാരണകൾക്കിടയാക്കിയത്.