പ്രളയത്തിൽ ആശങ്ക പങ്കുവച്ച് ചിത്രയും സുജാതയും

കാലവർഷക്കെടുതിയിൽ കേരളത്തിനൊപ്പം നിൽക്കണമെന്ന ആവശ്യവുമായി ഗായകരും. ഗായകരായ ചിത്രയും സുജാതയുമാണ് സോഷ്യൽ മീഡിയയിലൂടെ ആവശ്യവുമായി എത്തിയത്. 

കേരളത്തിനൊപ്പം നിൽക്കൂ എന്നാണ് കേരളത്തിലെ ദുരിതത്തിന്റെ അവസ്ഥ പങ്കുവച്ച ് ചിത്ര ഫെയ്സ് ബുക്കിൽ ആവശ്യപ്പെട്ടത്. വെള്ളപ്പൊക്ക ദുരിതം നേരിടുന്ന കേരളത്തിനായി പ്രാർഥിക്കുകയാണന്നും ചിത്ര കുറിച്ചു. 

എല്ലാവരും സുരക്ഷിതമായിരിക്കട്ടെ. കേരളത്തിനു വേണ്ടി പ്രാർഥിക്കുകയാണെന്നു സുജാതയും അറിയിച്ചു. വിവിധ ജില്ലകളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലെ നമ്പറുകളും സുജാത പങ്കു വച്ചിട്ടുണ്ട്.

അതേസമയം വീടിനു ചുറ്റിലുമുള്ള അവസ്ഥകൾ ചലച്ചിത്ര താരങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. പുഴപോലെയാണ് വീടിനു ചുറ്റിലും വെള്ളമെന്നു ജോജു ജോർജ് പറഞ്ഞു. പരിസരത്തുള്ളവർക്കു ഇരിങ്ങാലക്കുടയിലെ സ്വന്തം വീട്ടിൽ താമസമൊരുക്കാമെന്നു ചലച്ചിത്ര താരം ടൊവീനോ തോമസും അറിയിച്ചു.