കുടിവെള്ളവും മരുന്നും അത്യാവശ്യം: അഭ്യർഥനയുമായി ഇവർ

വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായുള്ള സഹായ വിവരങ്ങൾ പങ്കു വച്ച് ഗായകരും. ദുരിതാശ്വാസ ക്യാംപുകളിലേക്കുള്ള വസ്തുക്കൾ എത്തിക്കാനുള്ള ഗതാഗത സഹായവും അവശ്യ വസ്തുക്കളും ആരൊക്കെ എവിടെയൊക്കെ കുടുങ്ങിക്കിടക്കുന്നു എന്ന വിവരങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നുണ്ട്. കുടിവെള്ളം അത്യാവശ്യമാണെന്ന അറിയിപ്പും ബന്ധപ്പെടേണ്ട ഫോൺ നമ്പരും ഗായിക സിത്താര കൃഷ്ണകുമാർ പങ്കുവച്ചു. മാത്രമല്ല, എറണാകുളം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് ഭക്ഷണ സാധനങ്ങൾ എത്തിക്കുന്നതിനായി ബന്ധപ്പെടേണ്ട നമ്പരും പങ്കുവച്ചിട്ടുണ്ട്. 

മരുന്നുകൾ വേർതിരിക്കാൻ കാക്കനാട് ഫാർമസിസ്റ്റുകളെ ആവശ്യമുണ്ടെന്ന വിവരമാണ് സംഗീത സംവിധായകർ രാഹുൽ രാജ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ബന്ധപ്പെടേണ്ട നമ്പരും ഒപ്പം ചേർത്തിട്ടുണ്ട്. കേരളത്തിൽ എവിടെയൊക്കെയാണ് ദുരിതാശ്വാസ ക്യാമ്പുകൾ ഉള്ളതെന്നും മരുന്നുകൾ ലഭ്യമാകുന്ന സ്ഥലം എവിടെയാണെന്ന വിശദമായ മാപ്പും രാഹുൽ പങ്കു വച്ചു.

കണ്ണൂർ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ വിവരങ്ങൾ ഗായിക സയനോര ഫിലിപ്പും സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കുന്നുണ്ട്. അരി, മറ്റു ധാന്യങ്ങൾ, പഞ്ചസാര ഉപ്പ്, കാപ്പിപ്പൊടി, ചായപ്പൊടി, പുതപ്പുകൾ, സാനിറ്ററി നാപ്കിനുകൾ, പാംപേഴ്സ്, സ്ത്രീകളുടെ അടിവസ്ത്രങ്ങൾ,ചാർജുള്ള പവർ ബാങ്കുകൾ എന്നിവ ജില്ലയിലെ സെന്റ് മൈക്കിൾസ് സ്കൂള്‍ ക്യാംപിൽ എത്തിക്കാൻ പരമാവധി സഹായിക്കണമെന്നും സയനോര ആവശ്യപ്പെട്ടു. സയനോരയ്ക്ക് ഒപ്പം ചലച്ചിത്ര താരം സനുഷ സന്തോഷും ലൈവിൽ എത്തി. എല്ലാവരും സഹായിക്കണമെന്നു സനുഷയും ആവശ്യപ്പെട്ടു