ഒരു ഫ്ലാറ്റിൽ നിന്ന് ഇരുപത് ചപ്പാത്തി; ജീവിതം തിരിച്ചുപിടിക്കാം; ഷാൻ

കഴിഞ്ഞ ദിവസങ്ങളിലായി പ്രളയക്കെടുതിയൽ ബുദ്ധിമുട്ടുന്ന നിരവധി പേരെ സഹായിക്കാൻ കഴിഞ്ഞതായി സംഗീത സംവിധായകൻ ഷാൻ റഹ്മാൻ. വിതരണത്തിനുള്ള സാധനങ്ങൾ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഒരു ഫ്ലാറ്റിൽ നിന്നു 20 ചപ്പാത്തി വീതം എത്തിക്കാൻ കഴിഞ്ഞാൽ അത് ഒരു സഹായമാകും. നമുക്ക് ഒരുപാടു പേരെ ഇനിയും സഹായിക്കാനുണ്ട്. ഓരോ ദിവസവും ആവശ്യങ്ങൾ  കുറഞ്ഞു വരുമെന്നാണ് വിചാരിച്ചത്. പക്ഷെ, ആവശ്യങ്ങൾ കൂടുകയാണെന്നും ഷാൻ റഹ്മാൻ പറഞ്ഞു.

നിരവധി റസ്റ്റോറന്റുകൾ സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി പതിനായിരത്തിലധികം ആളുകൾക്ക് ഭക്ഷണം എത്തിക്കുന്നുണ്ട്. എന്നാൽ സഹായിക്കുന്ന റസ്റ്റോറന്റുകളിലെയും സാധനങ്ങൾ തീർന്നുകൊണ്ടിരിക്കുകയാണ്. തുടർച്ചയായി അവർ പാകം ചെയ്തു കൊണ്ടിരിക്കുന്നതാണ് ഇതിനു കാരണം.  

പലരും വന്നു ചോദിക്കുന്നത് ഒരു പൊതി ഭക്ഷണം തരുമോ എന്നാണ്. വളരെ ബുദ്ധിമുട്ടുള്ള ഒരു സമയമാണ്. നമുക്ക് ഒരുമിച്ച് ഇതിനെ നേരിടാം. അതുകൊണ്ട് നമ്മുടെ ഓരോ കുടുംബങ്ങളും കൂടുതലായി ഒരു ഇരുപത് ചപ്പാത്തി ഉണ്ടാക്കിയാൽ രണ്ടായിരം ചപ്പാത്തി റെഡിയാകും. കൊച്ചിയിലെ ഓരോ ഫ്ലാറ്റിൽ നിന്നും കുറച്ചു ഭക്ഷണം കിട്ടുകയാണെങ്കിൽ നിരവധി പേർക്ക് നമുക്ക് ഇത് എത്തിക്കാൻ സാധിക്കുമെന്നും ഷാൻ റഹ്മാൻ അറിയിച്ചു. . 

ഇൻഫോ പാർക്ക് റോഡിലെ ചില്ലാക്സിലേക്ക് എത്തിച്ചാൽ മതി. അവിടെ നിന്നാണ് പലരിലേക്കും എത്തിക്കുന്നത്. എല്ലാവരും ഒപ്പം നിൽക്കണം എന്നു മാത്രമാണ് അഭ്യർഥിക്കാനുള്ളതെന്നും ഷാൻ റഹ്മാൻ പറഞ്ഞു. 

വിവിധ ക്യാംപുകളെ കുറിച്ചു കൃത്യമായ വിവരങ്ങൾ അറിയേണ്ടതുണ്ട്. കുറച്ചു വളണ്ടിയേഴ്സിനെ കൂടി ആവശ്യമുണ്ട്. ജീവിതം പതുക്കെ പഴയ രീതിയിലേക്കു മാറിക്കൊണ്ടിരിക്കുകയാണ്. കിട്ടുന്ന സഹായത്തിനെല്ലാം നന്ദിയുണ്ടെന്നും ഷാൻ റഹ്മാൻ ഫെയ്സ് ബുക്ക് ലൈവിലൂടെ അറിയിച്ചു.