വീട് വൃത്തിയാക്കി സിത്താര; ഇതാണ് പൊടിക്കൈകൾ

പ്രളയക്കെടുതിയിൽ നിന്നും കേരളം പതുക്കെ ഉയിർത്ത് എഴുന്നേൽക്കുകയാണ്. ചിലരൊക്കെ ക്യാമ്പുകളിൽ നിന്നും വീടുകളിലേക്കു മടങ്ങിതുടങ്ങി. അടുത്ത ദൗത്യം എന്നതു വെള്ളവും ചെളിയും നിറഞ്ഞ വീട് എങ്ങനെ വൃത്തിയാക്കാം എന്നാണ്. ഇത്തരത്തിൽ വെള്ളവും ചെളിയും നിറഞ്ഞ സ്വന്തം വീട് വൃത്തിയാക്കുകയാണ് ഗായിക സിത്താര കൃഷ്ണകുമാർ. ചെളി അടിഞ്ഞു കിടക്കുന്ന വീട് വൃത്തിയാക്കുകയെന്നതു ശ്രമകരമായ ദൗത്യമാണ്. വീട്ടിലേക്കു കയറുമ്പോൾ എന്തെല്ലാം മുൻകരുതലുകൾ എടുക്കാമെന്നും വൃത്തിയാക്കുന്നത് എങ്ങനെ എന്നും സംബന്ധിച്ച വിശദമായ വിവരങ്ങള്‍ പങ്കുവെക്കുകയാണ് സിത്താരയും ഭർത്താവ് ഡോക്ടർ സജിത്തും. 

* വൃത്തിയാക്കാൻ ആവശ്യമായ സാധനങ്ങൾ കയ്യിൽ കരുതുക

*കയ്യുറകളും കാലുറകളും നിർബന്ധമായും ധരിക്കുക. 

* സർജിക്കൽ ഗ്ലൗസ് ധരിച്ചതിനു ശേഷം റബർ ഗ്ലൗസ് ധരിക്കുക

*സാധാരണ മാസ്കുകൾ ധരിച്ചതുകൊണ്ടു കാര്യമില്ല. തുടർച്ചയായി ഉപയോഗിക്കാവുന്ന മാസ്കുകൾ വാങ്ങി ഉപയോഗിക്കുക

* ഒരു കുപ്പിയിൽ മണ്ണെണ്ണ കരുതുക. വീട്ടിലേക്ക് കയറുമ്പോൾ ചെറുതായി സ്പ്രേ ചെയ്യുക. ഇഴജന്തുക്കൾ ഉണ്ടെങ്കിൽ അവ മാറിപ്പോകാനാണ് ഇങ്ങനെ ചെയ്യുന്നത്. അധികം സ്പ്രേ ചെയ്യരുത്. കാരണം അവ ചത്തുപോകാൻ കാരണമാകും. 

* വീട്ടിലെ മെയിൻ സ്വിച്ച് ഓഫ് ചെയ്യുക

*ഗ്യാസ് സിലിണ്ടറുണ്ടെങ്കിൽ അത് ഡിസ്കണക്ട് ചെയ്യുക. 

* ഇലക്ട്രോണിക് സാധനങ്ങൾ നീക്കം ചെയ്യുമ്പോൾ അതിൽ നിന്നുണ്ടാകുന്ന ഗ്യാസുകൾ ശ്രദ്ധിക്കുക. 

* നന്നായി കേടായ ഫർണീച്ചറുകൾ ഉണ്ടെങ്കിൽ അവ വീടിനു പുറത്തേക്കു മാറ്റുക. 

* വെന്റിലേഷൻ ലഭിക്കാനായി വീടിന്റെ ജനലുകൾ തുറന്നിടുക.

* വൃത്തിയാക്കി ഉപയോഗിക്കാൻ കഴിയുന്ന സാധനങ്ങളെല്ലാം വൃത്തിയാക്കി ഉപയോഗിക്കുക. 

* ഇലക്ട്രോണിക് സാധനങ്ങൾ ഒന്നും ഉപയോഗിക്കരുത്. നന്നായി ഉണങ്ങിയ ശേഷം ഒരു ഇലക്ട്രീഷനെയും ഇലക്ട്രിക്കൽ എൻജിനീയറെയോ കാണിച്ചതിനു ശേഷം മാത്രം ഓൺ ചെയ്യുക.

* മണ്ണ് ഉണങ്ങുന്നതിനു മുൻപു തന്നെ പരമാവധി നീക്കം ചെയ്യാന്‍ ശ്രമിക്കുക. 

* കിണറുകൾ പൂർണമായും വെള്ളം വറ്റിച്ച് ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ചു ശുചീകരിക്കുക. അതിനു ശേഷം തുടർച്ചയായി വെള്ളം ശുദ്ധീകരിക്കുക. ഒരുമാസം ഈ പ്രവർത്തി തുടരേണ്ടി വരും. 

*പാക്കറ്റിലുള്ള ഭക്ഷണ സാധനങ്ങളൊന്നും ഉപയോഗിക്കാതിരിക്കുക. പാക്കറ്റ് പൊട്ടിച്ചിട്ടില്ലെന്നു കരുതി അതു ഉപയോഗിക്കരുത്. 

*വീടിന്റെ ബലം ഒരു എൻജിനീയറെ കാണിച്ചു ഉറപ്പു വരുത്താൻ ശ്രദ്ധിക്കണം