മോഹന്‍ലാൽ താളമിട്ടു; ഏറ്റുപാടി സദസ്സ്; ആഘോഷരാവിൽ 'ജിമിക്കി കമ്മൽ'

മഴവിൽ മാംഗോ മ്യൂസിക് അവാർഡ് നിശയെ ആഘോഷഭരിതമാക്കി 'ജിമിക്കി കമ്മൽ'. പുരസ്കാര സമർപ്പണ വേദിയിൽ വിനീത് ശ്രീനിവാസനും രഞ്ജിത്ത് ഉണ്ണിയും ഷാൻ റഹ്മാനും ചേർന്ന് ഗാനം ആലപിച്ചു. ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ പാടി നടന്ന ഗാനം എന്ന മുഖവുരയോടെയാണ് 'ജിമിക്കി കമ്മൽ' വേദിയിലെത്തിയത്. 

ഗാനം ആലപിക്കാൻ വേദിയിലെത്തിയ വിനീത് ശ്രീനിവാസനും രഞ്ജിത്ത് ഉണ്ണിയും സദസ്സിലിരുന്ന സംഗീത സംവിധായകൻ ഷാൻ റഹ്മാനെയും വേദിയിലേക്കു ക്ഷണിക്കുകയായിരുന്നു. തുടർന്ന് മൂന്നുപേരും ചേർന്നാണു ഗാനം ആലപിച്ചത്. 

നിറഞ്ഞ കയ്യടിയോടെയാണു 'ജിമിക്കി കമ്മലി'നെ കാണികൾ സ്വീകരിച്ചത്. വേദിയിൽ വിനീതും രഞ്ജിത്തും ഷാനും ജിമിക്കി കമ്മൽ പാടിയപ്പോൾ സദസ്സിലിരുന്നു മോഹൻലാൽ താളം പിടിച്ചു. സദസ്സാകെ ഗായകർക്കൊപ്പം ജിമിക്കി കമ്മൽ ഏറ്റുപാടി.

നിരവധി പ്രമുഖർ പങ്കെടുത്ത ചടങ്ങായിരുന്നു മഴവിൽ മാംഗോ മ്യൂസിക് അവാർഡ്. എസ്.പി. ബാലസുബ്രഹ്മണ്യം, കെ.എസ്. ചിത്ര, എം.ജി. ശ്രീകുമാർ, ജി. വേണുഗോപാൽ എന്നിങ്ങനെ പ്രശസ്ത ഗായകരെല്ലാം വേദിയിൽ എത്തി. മോഹന്‍ലാലും മഞ്ജുവാര്യരും വിവിധ ഗാനങ്ങളുമായെത്തി പുരസ്കാര രാവിനെ സമ്പന്നമാക്കി.