മണിയുടെ ഓർമകളുമായി വീണ്ടും ആ പാട്ട്

കലാഭവൻമണിയുടെ ജീവിതകഥ പറയുന്ന ‘ചാലക്കുടിക്കാരൻ ചങ്ങാതി’യിലെ പുതിയഗാനം എത്തി. മണി തന്നെ പാടിയ ‘ചാലക്കുടി ചന്തയ്ക്കു പോകുമ്പാൾ’ എന്ന ഗാനത്തിന്റെ പുനരാവിഷ്കാരമാണു പുതിയ ഗാനം. കലാഭവന്‍ മണിയുടെ സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണനാണു ഗാനം ആലപിച്ചത്. റാം സുരേന്ദറാണു ഗാനം റീമിക്സ് ചെയ്തത്. അറുമുഖൻ വെങ്കിടങ്ങിന്റെതാണു വരികൾ. 

രാജമണിയാണു ചിത്രത്തിൽ കലഭവൻ മണിയായി വേഷമിടുന്നത്. സലീം കുമാർ, ധര്‍മജൻ ബോൾഗാട്ടി, വിഷ്ണു, രേണു സൗന്ദർ എന്നിവരാണു ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. നേരത്തെ കലാഭവന്‍ മണി ആലപിച്ച ‘ആരോരുമാവാത്ത കാലത്ത്’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ റീമിക്സും ചിത്രത്തിലേതായി എത്തിയിരുന്നു.

ദാരിദ്ര്യത്തിൽ വളർന്ന യുവാവ് സ്വന്തം പ്രയത്നം കൊണ്ട് അഭ്രപാളിയിലെത്തിയതും സിനിമയിലെത്തിയിട്ടും നേരിട്ട തിക്താനുഭവങ്ങളും എല്ലാം കോർത്തിണക്കിയാണു ചിത്രം എത്തുന്നത്. വിനയനാണു ചാലക്കുടിക്കാരൻ ചങ്ങാതിയുടെ സംവിധാനം.