കാൽതൊട്ടു വന്ദിക്കാൻ ശ്രമിച്ച് ചിത്ര; വിലക്കി എസ്.പി.ബി.

കാൽതൊട്ടു വന്ദിക്കാൻ ശ്രമിച്ചവരോടു അരുതെന്നു പറഞ്ഞു എസ്.പി. ബാലസുബ്രഹ്മണ്യം. മഴവിൽ മാംഗോ മ്യൂസിക് അവാർഡിലായിരുന്നു സംഭവം. വേദിയിൽ തന്റെ കാൽതൊട്ടു വന്ദിക്കാൻ ശ്രമിച്ച ഗായിക കെ.എസ്. ചിത്രയെയും സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസ്സിയെയുമാണ് എസ്.പി.ബി.  സ്നേഹത്തോടെ വിലക്കിയത്. 

എസ്.പി. ബാലസുബ്രഹ്മണ്യത്തോട് ഒപ്പം വേദിയിലേക്കു എത്തുകയായിരുന്നു സ്റ്റിഫൻ ദേവസ്സി.വേദിയിലെത്തിയ ഉടൻ തന്നെ എസ്.പി.ബിയുടെ കാൽതൊട്ടു വന്ദിക്കാൻ ശ്രമിച്ചു. എന്നാൽ തന്റെ മുന്നിൽ കുനിഞ്ഞ സ്റ്റീഫനെ  എസ്.പി. ബാലസുബ്രഹ്മണ്യം സ്നേഹത്തോടെ വിലക്കി. പകരം അദ്ദേഹം സ്റ്റീഫനെ ആശ്ലേഷിച്ചു. ആഗോളതലത്തിൽ തന്നെ അറിയപ്പെടുന്ന സംഗീത സംവിധായകനായി സ്റ്റീഫൻ മാറിയിരിക്കുന്നു. സംഗീത ലോകത്തു ശോഭനമായ ഭാവി ആശംസിക്കുന്നതായും എസ്.പി. ബാലസുബ്രഹ്മണ്യം സ്റ്റീഫനോടു പറഞ്ഞു. 

തൊട്ടുപിന്നാലെ എസ്.പി.ബിക്ക് ഒപ്പം പാടുന്നതിനായി വേദിയിലെത്തുകയായിരുന്നു ചിത്ര.  വേദിയിലെത്തിയ ഉടനെ തന്നെ അദ്ദേഹത്തിന്റെ കാൽ തൊട്ടു വന്ദിക്കാൻ ചിത്രയും ശ്രമിച്ചു. ദയവായി ഇങ്ങനെ ചെയ്യരുതെന്നായിരുന്നു ചിത്രയോടു എസ്.പി.ബിയുടെ മറുപടി. കേരളം ചിത്രയെ പോലുള്ള ഗായകരാൽ അനുഗ്രഹീതമാണ്. ഇത്രയും ലളിതമായ മനുഷ്യരോടു തനിക്കെന്നും ബഹുമാനമാണെന്നും എസ്.പി.ബാലസുബ്രഹ്മണ്യം പറഞ്ഞു. തുടർന്ന് ചിത്രയോടൊപ്പം എക്കാലത്തെയും സൂപ്പർഹിറ്റ് ഗാനമായ 'താരാപഥം ചേതോഹരം' എന്ന ഗാനവും എസ്.പി.ബാലസുബ്രഹ്മണ്യം ആലപിച്ചു. 

നിരവധി പ്രമുഖർ പങ്കെടുത്ത പരിപാടിയായിരുന്നു മഴവിൽ മാംഗോ മ്യൂസിക് അവാർഡ്. സംഗീത രംഗത്തെയും അഭിനയ രംഗത്തെയും പ്രമുഖരാൽ സമ്പന്നമായിരുന്നു പുരസ്കാര രാവ്. 'കസ്തൂരി മണക്കുന്നല്ലോ' എന്ന ഗാനവുമായി മോഹൻലാലും 'പാമരം പളുങ്കുകൊണ്ട്' എന്ന ഗാനവുമായി മഞ്ജുവാര്യരും ചടങ്ങിനു മാറ്റുകൂട്ടി.