ലാലുവിന്റെ സുന്ദരിയായ ഭാര്യക്കായി എന്റെ ഈ ഗാനം: എം.ജി. ശ്രീകുമാർ

മോഹൻലാലും എം.ജി. ശ്രീകുമാറും ഒന്നിച്ചപ്പോൾ സംഗീതമഴ പെയ്തിറങ്ങുകയായിരുന്നു മഴവിൽ മാംഗോ പുരസ്കാര നിശയിൽ. മലയാളത്തിലെ എക്കാലത്തെയും മനോഹരമായ ഗാനങ്ങളോടെയായിരുന്നു ഇരുവരും മാംഗോ മ്യൂസിക് പുരസ്കാര വേദിയിൽ എത്തിയത്. 

ഓര്‍മകളോടി കളിക്കുവാനെത്തുന്നു, പൊന്‍വീണേ, മന്ദാരച്ചെപ്പുണ്ടോ, കണ്ണീർപൂവിന്റെ കളിൽ, ഒന്നാംവട്ടം കണ്ടപ്പോൾ, നിലാവിന്റെ നീലഭസ്മ, എന്നീ ഗാനങ്ങളാണ് മോഹൻലാലും എം.ജി.ശ്രീകുമാറും ചേർന്നു പാടിയത്. 'നിലാവിന്റെ നീലഭസ്മ കുറി അണിഞ്ഞവളേ' എന്ന ഗാനം പാടുന്നതിനു മുന്നോടിയായി എം.ജി. ശ്രീകുമാർ പറഞ്ഞത് ഇങ്ങനെ. 'ഇനി ഞാൻ ലാലുവിന്റെ സുന്ദരിയായ ഭാര്യക്കായി ഒരു ഗാനം പാടുകയാണ്'. ഉടനെ വന്നു മോഹൻലാലിന്റെ മറുപടി. 'സ്റ്റേറ്റ് അവാർഡ് കിട്ടിയ ഗാനമല്ലേ, ആയിക്കോട്ടെ'.

ഓരോഗാനം ആലപിക്കുമ്പോഴും ഓരോഓർമകളാണു ഇരുവരും പങ്കുവച്ചത്. ലാലുവിനായി പാടിയ ഗാനങ്ങളെല്ലാം തന്നെ തനിക്ക് എക്കാലത്തെയും പ്രിയപ്പെട്ട ഗാനങ്ങളാണെന്നു എം.ജി. ശ്രീകുമാർ പറഞ്ഞു. അതിൽ ഏറ്റവും പ്രിയം അല്ലിമലർക്കാവി‍ൽ പൂരം കാണാൻ ആണ്.  ആ ഗാനം എപ്പോഴും ഹൃദയത്തിൽ സുക്ഷിക്കുന്നു. കാരണം ചേട്ടൻ എം.ജി. രാധാകൃഷ്ണനാണു ഈ ഗാനത്തിനു സംഗീതം നൽകിയതെന്നും എം.ജി. ശ്രീകുമാർ കൂട്ടിച്ചേർത്തു. 

സംഗീതരംഗത്തെ പ്രഗത്ഭർ അണിനിരന്ന ചടങ്ങായിരുന്നു മഴവിൽ മാംഗോ മ്യൂസിക് അവാർഡ്. അർജുനൻ മാസ്റ്റർ, എസ്.പി. ബാലസുബ്രഹ്മണ്യം, കെ.എസ്. ചിത്ര, എം.ജി. ശ്രീകുമാർ, ജി. വേണുഗോപാൽ, റിമിടോമി എന്നിങ്ങനെ നിരവധി ഗായകർ‍ ചടങ്ങിനെത്തി. മോഹൻലാലും മഞ്ജുവാര്യരും വിവിധ ഗാനങ്ങൾ ആലപിച്ചു.