നമ്മൾ അതിജീവിക്കുന്നു: വൈറലായി വേലായുധന്റെ പാട്ട്

ഒരായുസ്സിന്റെ സമ്പാദ്യമെല്ലാം പ്രളയം കവർന്നപ്പോഴും വേലായുധൻ തളരുന്നില്ല. വെള്ളത്തിനു നടുവിൽ നിന്നും മറ്റുള്ളവരെ സന്തോഷിപ്പിക്കാനായി അദ്ദേഹം പാടി. സിനിമാപ്പേരുകൾ കോർത്തിണക്കിയാണു വേലായുധന്റെ പാട്ട്. 'ആളോരുങ്ങി അരങ്ങൊരുങ്ങി' എന്ന ഗാനത്തിന്റെ ഈണത്തിൽ വേലായുധൻ പാടുന്ന പാട്ടാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

പ്രളയത്തിൽ പേരാമ്പ്രയിലുള്ള വേലായുധന്റെ വീട്ടിലും വെള്ളം കയറി. എന്നാൽ തന്റെ സങ്കടങ്ങളെല്ലാം പാട്ടിലൂടെ മറക്കുകയാണ് വേലായുധൻ. നാട്ടുകാരുടെ ഇടയിൽ നിന്നാണു പാട്ട്. പാട്ടിനൊപ്പം ചുറ്റിലും നിന്നു കയ്യടിക്കുകയാണ് നാട്ടുകാരും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കെത്തിയ പൊലീസുകാരും. പാട്ടുകേട്ട പൊലീസ് ഉദ്യോഗസ്ഥർ വേലായുധനെ അഭിനന്ദിക്കുന്നതും വിഡിയോയിലുണ്ട്.

ദിവസങ്ങൾക്കകം നിരവധി പേരാണ് വേലായുധന്റെ ഗാനം സമൂഹമാധ്യമങ്ങളിൽ കാണുകയും പങ്കുവെക്കുകയും ചെയ്തത്. എത്ര വലിയ നഷ്ടങ്ങൾ ഉണ്ടായാലും എല്ലാം തിരിച്ചു പിടിക്കാന്‍ വേലായുധനെ പോലുള്ളവർ പകരുന്ന ആത്മവിശ്വാസം ചെറുതല്ലെന്നാണു വിഡിയോയ്ക്ക് പലരുടെയും കമന്റുകൾ. വെള്ളപ്പൊക്ക ദുരിതത്തിൽ നിന്നു കരകയറാൻ വേലായുധനെ സഹായിക്കണം എന്ന അഭ്യർഥനയോടെയാണു വിഡിയോ.