കാഴ്ചയില്ല; കണ്ടെത്തി ആ 'സ്നേഹസ്വരൂപനെ'

കഴിഞ്ഞ രണ്ടു ദിവസമായി നമ്മൾ കേൾക്കുകയാണ് ഒരു കുഞ്ഞിന്റെ ഹൃദയസ്പര്‍ശിയായ ഗാനം. ആ കുഞ്ഞ് ആരാണെന്ന് അന്വേഷിക്കുകയായിരുന്നു കേരളമാകെ. ഒടുവിൽ ഇപ്പോൾ  ഉത്തരമായിരിക്കുന്നു. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി വൈശാഖ് ആണ്  ഈ കുഞ്ഞ്. ചെമ്പഞ്ചേരി എഎൽപി സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥി

വൈശാഖിന്റെ ‘വാതിൽ തുറക്കൂ നീ കാലമേ, കണ്ടോട്ടെ സ്നേഹ സ്വരൂപനേ’ എന്ന ഗാനം സമൂഹമാധ്യമങ്ങളിലൂടെ കേട്ട ആർക്കും അവനെ മറക്കാനാകില്ല. അത്രയും മനോഹരമായാണ് അവൻ പാടുന്നത്. ഈ ഗാനം ദൈവത്തോടുള്ള വൈശാഖിന്റെ അപേക്ഷയാണെന്ന് അച്ഛന്‍ രാഘവൻ പറഞ്ഞു. ജന്‍മനാ ഇരു കണ്ണിനും കാഴ്ചയില്ല. ഗർഭാവസ്ഥയിൽ അമ്മയ്ക്കുണ്ടായ പ്രമേഹമാണ് വൈശാഖിന്റെ കണ്ണുകളെ ബാധിച്ചതെന്നും രാഘവൻ പറഞ്ഞു. 

ആറു വയസ്സിനുള്ളിൽ വൈശാഖിന്റെ കണ്ണുകൾക്കു രണ്ടു ശസ്ത്രക്രിയകളാണു നടത്തിയത്. ഇപ്പോൾ വലതുകണ്ണിനു ചെറിയ കാഴ്ചയുണ്ടെന്നും രാഘവൻ പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വൈശാഖിനു ചികിൽസ തുടരുകയാണ്. സെപ്റ്റംബർ 15നു വൈശാഖ് വീണ്ടും ശസ്ത്രക്രിയയ്ക്കു വിധേയനാകും. 

കാസർകോട്ടെ ഒരു ഹോട്ടലിൽ ജീവനക്കാനാണ് വൈശാഖിന്റെ അച്ഛൻ രാഘവൻ. അമ്മ ബിന്ദു വീട്ടമ്മയാണ്. വൈശാഖിന്റെ സഹോദരിക്കും കാഴ്ചയ്ക്കു ചെറിയ പ്രശ്നമുണ്ട്. രാഘവനു ഹോട്ടലിൽനിന്നു ലഭിക്കുന്ന തുച്ഛമായ വരുമാനം മാത്രമാണ് ഈ കുടുംബത്തിന്റെ ഏക ആശ്രയം. മക്കളുടെ ചികിത്സച്ചെലവിന് ഈ പണം തികയില്ല. വൈശാഖിനു കാഴ്ച ലഭിക്കാൻ സുമനസ്സുകളുടെ സഹായം തേടുകയാണ് ഈ കുടുംബം.