Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'സമര കാഹള'വുമായി മമ്മൂട്ടി; ആവേശം നിറച്ച് തെലുങ്കുഗാനം

mammootty3

മമ്മൂട്ടി നായകനാകുന്ന തെലുങ്ക് ചിത്രം 'യാത്ര'യിലെ  ആദ്യഗാനം എത്തി. 'സമര ശംഖം' എന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോയാണ് എത്തിയത്. കാലഭൈരവയാണു ഗാനം ആലപിച്ചിരിക്കുന്നത്. ശ്രീവെന്നല സീതാരാമ ശാസ്ത്രികളുടെ വരികൾക്കു കൃഷ്ണകുമാർ സംഗീതം നൽകിയിരിക്കുന്നു. 

'സമര കാഹളം' എന്നാണു 'സമര ശംഖം' എന്ന പദത്തിന് അർഥം. ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് 'യാത്ര'. 2003 ൽ ആന്ധ്രപ്രദേശിൽ വൈഎസ്ആര്‍ നടത്തിയ പദയാത്രയാണു ഗാനത്തിന്റെ പ്രമേയം. സമര നേതാവായുള്ള മമ്മൂട്ടിയുടെ വരവു തന്നെയാണു ഹൈലൈറ്റ്. വൈഎസ്ആറിന്റെ ചരമദിനത്തിലാണു ഗാനം എത്തിയത്. 

റിലീസ് ചെയ്തു മണിക്കൂറുകൾക്കകം ഗാനം യുട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതെത്തി. മികച്ച പ്രതികരണമാണു ഗാനത്തിനു ലഭിക്കുന്നത്. ഗാനരംഗങ്ങളിൽ മമ്മൂട്ടിയെ കാണുമ്പോൾ യഥാർഥത്തിൽ വൈഎസ്ആറിനെ കാണുന്നതു പോലെയുണ്ടെന്നാണ് ആരാധകർ പറയുന്നത്. 

1999 മുതൽ 2004 വരെയുള്ള വൈഎസ്ആറിന്റെ ജീവിതമാണു 'യാത്ര'യിൽ ചിത്രീകരിച്ചിരിക്കുന്നത്. ആന്ധ്രാ പ്രദേശിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായ സബിത ഇന്ദ്രറെഡ്ഡിയായി എത്തുന്നതു മലയാളിയുടെ പ്രിയതാരം സുഹാസിനിയാണ്. വർഷങ്ങൾക്കിപ്പുറം മമ്മൂട്ടിയും സുഹാസിനിയും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണു 'യാത്ര'.