ആനന്ദത്തിൽ ആ സംഗീത മുത്തശ്ശി; കാണാൻ പ്രിയഗായകനെത്തി

ഒടുവിൽ ആ മുത്തശ്ശിയുടെ ആഗ്രഹം സാധിച്ചു. പ്രിയപ്പെട്ട സംഗീതജ്ഞൻ ശങ്കരൻ നമ്പൂതിരി സരോജിനി അമ്മയെ കാണാനെത്തി. എഴുന്നേറ്റിരിക്കാനും മറ്റും പരസഹായം വേണമെന്നിരിക്കെ കിടക്കയിൽ കിടന്നുകൊണ്ടു സരോജിനി അമ്മ കീർത്തനം ആലപിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. 

സരോജിനി അമ്മയുടെ വീട്ടിലെത്തിയായിരുന്നു ശങ്കരൻ നമ്പൂതിരി കണ്ടത്. തുടർന്ന് സരോജിനി അമ്മയ്ക്കായി അദ്ദേഹം കീർത്തനങ്ങളും ആലപിച്ചു. 'ക്ഷീര സാഗര ശയനാ' എന്ന കീർത്തനം സരോജിനി അമ്മയുടെ പ്രത്യേക അഭ്യർഥന പ്രകാരമാണ് ആലപിച്ചത്. 

സംഗീതം തന്നെയായിരുന്നു സരോജിനി അമ്മയുടെ ജീവിതം. മാവേലിക്കര സ്കൂളിലെ സംഗീത അധ്യാപികയായിരുന്നു സരോജിനി അമ്മ. വാർധക്യ സഹജമായ അസുഖങ്ങളാലുള്ള ബുദ്ധിമുട്ടുണ്ടെങ്കിലും എപ്പോഴും കീർത്തനങ്ങൾ കേൾക്കും. കട്ടിലിനോടു ചേർത്തുവച്ച സിഡി പ്ലെയറിൽ ശങ്കരൻ നമ്പൂതിരിയുടെ കീർത്തനങ്ങളാണു കൂടുതൽ കേൾക്കുക. കാണാൻ വരുന്നവരോടൊക്കെ സംഗീതത്തെക്കുറിച്ചാണ് സരോജിനി അമ്മ കൂടുതൽ സംസാരിക്കുക. തന്നെ കാണണമെന്ന സരോജിനി അമ്മയുടെ ആഗ്രഹം സമൂഹമാധ്യമങ്ങളിലൂടെയും മറ്റും അറിഞ്ഞാണ് ശങ്കരൻ നമ്പൂതിരി കാണാനെത്തിയത്.