'അംഗനമാർ മൗലീ മണീ...' അതേ ചുവടുവച്ച് നാഗവല്ലിയുടെ രാമനാഥൻ- വിഡിയോ

എത്രകണ്ടാലാണു മലയാളിക്ക് ‘മണിച്ചിത്രത്താഴ്’ എന്ന ചിത്രം മതിവരിക. അതുപോലെ തന്നെയാണു ചിത്രത്തിലെ 'ഒരുമുറൈ വന്ത് പാർത്തായാ' എന്ന ഗാനവും. ഈ ഗാനരംഗത്തിൽ എത്തിയ നർത്തകനെയും മലയാളി മറന്നുകാണില്ല. ഇരുപത്തിയഞ്ചു വർഷത്തിനിപ്പുറം അതേ നൃത്തച്ചുവടുകളുമായി എത്തുകയാണു നാഗവല്ലിയുടെ കാമുകനായ രാമനാഥൻ. 'വനിത'യ്ക്കു നൽകിയ അഭിമുഖത്തിന്റെ ഭാഗമായിരുന്നു ഡോക്ടർ ശ്രീധർ ശ്രീറാമിന്റെ നൃത്തം. 

നാഗവല്ലിയും രാമനാഥനും തമ്മിലുള്ളതു മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നൃത്തരംഗമാണ്. ‘മണിച്ചിത്രത്താഴ്’ ചരിത്രമാണെന്നു  ഡോക്ടർ ശ്രീധർ ശ്രീറാം വനിതയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. ‘അടുത്തിടെ തിരുവനന്തപുരത്തെത്തിയപ്പോൾ  ആ ഗാനരംഗം ചിത്രീകരിച്ച പത്മനാഭപുരം കൊട്ടാരം സന്ദർശിക്കാനിടയായി. പെട്ടന്ന് ഒരു സംഘം എത്തി നാഗവല്ലിയുടെ രാമനാഥനല്ലേ എന്നു ചോദിച്ചു. അദ്ഭുതപ്പെട്ടുപോയി. ഒരുമുറൈ വന്ത് പാർത്തായാ പാടി ചുവടുവയ്പ്പിച്ച ശേഷമാണ് അവർ പോകാൻ അനുവദിച്ചത്’ -  ശ്രീധർ പറയുന്നു. 

അക്കാലത്ത് വിദേശ ഷോകളിലൊക്കെ ഒരു മുറൈവന്ത് പാർത്തായ നൃത്തം നിർബന്ധമായിരുന്നു. ഗൾഫിലൊക്കെ എത്ര വേദികളിൽ അവതരിപ്പിച്ചു എന്നു കണക്കില്ല. കന്നടയിൽ ഏകദേശം 65 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എങ്കിലും രാമനാഥനാണ് എന്നും മറക്കാത്ത കഥാപാത്രമെന്നും അദ്ദേഹം പറഞ്ഞു.

ചിത്രയും യേശുദാസും ചേർന്നാണ് ഈ ഗാനം ആലപിച്ചത്. പ്രശസ്ത തമിഴ് കവി വാലിയാണു ഗാനത്തിലെ തമിഴ് വരികൾ എഴുതിയത്. മലയാളം വരികൾ എഴുതിയത് ബിച്ചു തിരുമലയും. എം.ജി. രാധാകൃഷ്ണനാണു സംഗീതം. ഫാസിൽ സംവിധാനം ചെയ്ത 'മണിച്ചിത്രത്താഴ്' 1993 ലാണ് തിയറ്ററുകളിലെത്തിയത്.

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം