'കസാലയിരുന്നാരോ കൈകൊട്ടുന്നുണ്ടോ, അതോ മായയോ' വീണ്ടും ബിജിബാല്‍

ഭാര്യ ശാന്തി ബിജിബാലിന്റെ ഓർമ പങ്കുവച്ച് വീണ്ടും സംഗീത സംവിധായകൻ ബിജിബാൽ. മയാനദി എന്ന ചിത്രത്തിലെ ഒരു രംഗത്തിന്റെ ഫോട്ടോയാണ് ബിജിബാൽ പങ്കുവച്ചത്. 'മായാനദിയിലെ ഒരു രംഗം. രണ്ടാം നിരയിലെ കസാലയിലിരുന്നാരോ കൈകൊട്ടുന്നുണ്ടോ, അതോ മായയോ' എന്ന കുറിപ്പോടെയാണു ബിജിബാൽ ചിത്രം പങ്കുവച്ചത്.

നേരത്തെയും ബിജിബാൽ ശാന്തിയുടെ ഓർമകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. നേരത്തെ ശാന്തിയുടെ ഓര്‍മതുളുമ്പനുന്ന വിഡിയോകളും ബിജിബാൽ പങ്കുവച്ചിരുന്നു. ഭാര്യയെ കുറിച്ചുള്ള ബിജിബാലിന്റെ ഓർമകളെ അൽപം നൊമ്പരത്തോടെയല്ലാതെ കാണാനാകില്ലെന്നാണു പലരും ഫോട്ടോയ്ക്കും വിഡിയോയ്ക്കുമെല്ലാം കമന്റ് ചെയ്യുന്നത്. 

ഭാര്യയുടെ ഓർമയ്ക്കായി 'ശാന്തി നീഡം' എന്ന പേരിൽ ഒരു സംഗീത സ്മാരകവും ബിജിബാൽ ഒരുക്കി. സംഗീതത്തെ സ്നേഹിക്കുന്നവരെല്ലാം ഇവിടെ ഒത്തുചേരുന്നുണ്ട്. കഴിഞ്ഞദിവസം ശാന്തി നീഡത്തിൽ ചേർത്തലയിൽ നിന്നുള്ള മധുപോൾ പ്രേമിക്കുമ്പോൾ എന്ന ഗാനം കീബോർഡിൽ വായിച്ചിരുന്നു. 

ശാന്തിയുടെ പിറന്നാളിനോടനുബന്ധിച്ച് ബിജിബാൽ പുറത്തിറക്കിയ 'മയി മീനാക്ഷി' എന്ന സംഗീത ആൽബം ഏറെ ശ്രദ്ധനേടിയിരുന്നു. തലച്ചോറിൽ ഉണ്ടായ രക്തസ്രാവത്തെ തുടർന്നു കഴിഞ്ഞ ആഗസ്റ്റിലായിരുന്നു ശാന്തിയുടെ മരണം. മികച്ച നർത്തകി കൂടിയായിരുന്നു ശാന്തി.