ആ ചോദ്യത്തിൽ കുഴങ്ങി മോഹൻലാൽ

മോഹൻലാലിനോടു പാട്ടുചോദ്യവുമായി രമേഷ് പിഷാരടി. മഴവിൽ മാംഗോ മ്യൂസിക് അവാർഡിന്റെ വേദിയിലായിരുന്നു മോഹൻലാലിനോടു രമേഷ് പിഷാരടിയുടെ ചോദ്യം. മലയാള സിനിമാഗാനങ്ങളിൽ ഏറ്റവും ചെറിയ പല്ലവിയും ഏറ്റവും വലിയ പല്ലവിയും ഏതു ഗാനത്തിന്റേതാണ് എന്നായിരുന്നു രമേഷ് പിഷാരടി മോഹൻലാലിനോടു ചോദിച്ചത്.

ചോദ്യം കേട്ട മോഹൻലാൽ കുഴങ്ങി. ‘എല്ലാത്തിനും ക്ലൂ ചോദിക്കുന്ന കാലമാണല്ലോ. അതുകൊണ്ട് ഒരു ക്ലൂ തരാമോ’ എന്നു രമേഷ് പിഷാരടിയോടു മോഹൻലാൽ തിരിച്ചു ചോദിച്ചു. മോഹൻലാൽ അഭിനയിച്ച സിനിമയാണെന്നും ഈ ഗാനത്തിനു പുരാണവുമായി ചെറിയ ബന്ധമുണ്ടെന്നുമായിരുന്നു പിഷാരടിയുടെ മറുപടി. പുരാണത്തിൽ ഹനുമാൻ സീതാദേവിയെ കാണാൻ അശോകവനത്തിൽ പോയപ്പോൾ സീതാദേവിയോടു ചോദിച്ച ചോദ്യവുമായി ഏറ്റവും ചെറിയ പല്ലവിക്കു ബന്ധമുണ്ടെന്നും രമേഷ് പിഷാരടി പറഞ്ഞു. ഉടനെയെത്തി മോഹന്‍ലാലിന്റെ ഉത്തരം. ‘സുഖമോ ദേവി’. ശരി ഉത്തരമാണെന്നും നാലുതവണ സുഖമോ ദേവി എന്നുപാടിയാൽ പല്ലവിയായി. ഈ ഗാനമാണ് മലയാളത്തിൽ ഏറ്റവും ചെറിയ പല്ലവിയുള്ള ഗാനമെന്നതു തന്റെ കണ്ടെത്തലാണെന്നും രമേഷ് പിഷാരടി പറഞ്ഞു.

എങ്കിൽ ഏറ്റവും വലിയ പല്ലവിയുള്ള ഗാനമേതെന്നായി പിഷാരടിയുടെ അടുത്ത ചോദ്യം. ഇതും മോഹൻലാല്‍ അഭിനയിച്ച സിനിമയാണെന്നു രമേഷ് പിഷാരടി പറഞ്ഞു. സിംഹവുമായി ഈ സിനിമയ്ക്കു ബന്ധമുണ്ടെന്നു പറഞ്ഞതോടെ മോഹൻലാലിന്റെ മറുപടി എത്തി. 'നരസിംഹ'ത്തിലെ 'ധാംകിണക്ക'. തുടർന്ന് ഇരുപാട്ടുകളുടെയും പല്ലവി പാടിയതിനു ശേഷമാണു മോഹൻലാൽ വേദി വിട്ടത്.