തുറന്നു പറഞ്ഞ് നിക്കിന്റെ മുൻ കാമുകി; ആരേയും പ്രണയിക്കാം, പക്ഷേ...!

അമേരിക്കൻ ഗായകൻ നിക് ജോനാസുമായി തനിക്കുണ്ടായിരുന്ന ബന്ധത്തെപ്പറ്റി തുറന്നു പറഞ്ഞു മുൻ കാമുകി. മിസ് യൂണിവേഴ്സ് ആയിരുന്ന ഒലീവിയ കൾപ്പോ ആണ് നിക് ജോനാസുമായി തനിക്കുണ്ടായിരുന്ന  ബന്ധത്തെപ്പറ്റി ഒരു സ്വകാര്യ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. 

ഒലീവിയ കൾപ്പോയുടെ വാക്കുകൾ ഇങ്ങനെ: ‘ആരോടും നമുക്ക് എപ്പോൾ വേണമെങ്കിലും പ്രണയം തോന്നാം. പ്രത്യേകിച്ച് താരങ്ങളാകുമ്പോള്‍. കാരണം നമ്മൾ കുറെപ്പേരുമായി ഇടപഴകും. അതിൽ ചിലതു പ്രണയവും ചിലതു സൗഹൃദവുമാകാം. ആരെയും തെറ്റുപറയാനാകില്ല. അതുപോലെ തന്നെ ജീവിതം എപ്പോഴും അൽപം ബുദ്ധിമുട്ടു നിറഞ്ഞതാണ്. കാരണം, ഒരുമിച്ചു ജീവിക്കാൻ തുടങ്ങുമ്പോഴാണ് പങ്കാളിയുടെ പല സ്വഭാവങ്ങളും നമ്മൾ അറിയാൻ തുടങ്ങുന്നത്. ചിലപ്പോൾ അതിൽ പല പ്രശ്നങ്ങളുമുണ്ടാകാം. നിക്ക് ജോനാസിനോടൊപ്പം ഞാൻ സന്തോഷവതിയായിരുന്നു. പക്ഷേ, ചില പ്രത്യേക സാഹചര്യങ്ങളുണ്ടായതിനാൽ ഞങ്ങൾക്കു പിരിയേണ്ടി വന്നു. അതിൽ നിരാശയില്ല. എല്ലാവർക്കും എപ്പോഴും സന്തോഷമുണ്ടാകട്ടെ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. നിക് ജോനാസിന്റെയും ഭാവിജീവിതം ശോഭനമാകട്ടെ’.

ഒലീവിയ ഒരു നല്ല സ്ത്രീയാണെന്നു മുൻപ് നിക് ജോനാസും അഭിപ്രായപ്പെട്ടിരുന്നു. കുറച്ചു നാളുകൾ മാത്രമാണ് ഒരുമിച്ചു ജീവിച്ചതെങ്കിലും അതു മനോഹരമായ ദിവസങ്ങൾ തന്നെയായിരുന്നു. ഒലിവിയയ്ക്കു നല്ലൊരു ഭാവിയുണ്ടാകാൻ താൻ ആശംസിക്കുന്നതായും നിക് നേരത്തെ പറഞ്ഞിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം പിരിഞ്ഞ കാലയളവിലായിരുന്നു നിക്കിന്റെ പ്രതികരണം. 

രണ്ടുവർഷം ഇരുവരും ഒരുമിച്ചാണു ജീവിച്ചിരുന്നത്. തുടർന്ന് 2015 ലാണ് ഒലീവിയയും നിക്കും വേർപിരിഞ്ഞത്. ഇതിനു ശേഷമാണ് നിക് ജോനാസ് ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയുമായി പ്രണയത്തിലായത്. ഇരുവരുടെയും വിവാഹ നിശ്ചയം ഏതാനും ആഴ്ചകൾക്കു മുൻപ് മുംബൈയിൽ നടന്നിരുന്നു.