ആരാധന, കാത്തിരിപ്പ്; വിജയലക്ഷ്മിക്ക് വരണമാല്യവുമായി അനൂപ്

ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു. കോട്ടയം പാലാ പുലിയന്നൂർ സ്വദേശി എൻ. അനൂപാണു വരൻ. സെപ്റ്റംബർ 10 നു വിജലക്ഷ്മിയുടെ വീട്ടിൽ വിവാഹ നിശ്ചയം നടക്കും. 

ഒക്ടോബർ 22 ന് വൈക്കം മഹാദേവ ക്ഷേത്രത്തിലാണു വിവാഹം. ‘ആലോചന കുറച്ചു നാൾ മുൻപു വന്നതാണ്. അനൂപിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ നല്ല സ്വഭാവമുള്ള വ്യക്തിയാണെന്നു മനസ്സിലായി. തുടർന്നു വിവാഹം തീരുമാനിക്കുകയായിരുന്നു’ - വൈക്കം വിജയലക്ഷ്മി പറഞ്ഞു. 

കൺസ്ട്രക്‌ഷൻ ജോലി ചെയ്യുന്ന അനൂപ് മിമിക്രി ആർടിസ്റ്റ് കൂടിയാണ്. വിജയലക്ഷ്മിയുടെ സംഗീതത്തോടുള്ള അഭിരുചിയാണു അനൂപിനെ ആകർഷിച്ചത്. കലാരംഗത്തുള്ള അനൂപിന്റെ അറിവും പരിചയവും വിജയലക്ഷ്മിക്കും ഇഷ്ടമായി. 

ഉദയനാപുരം സ്വദേശികളായ വി. മുരളീധരന്റെയും വിമലയുടെയും മകളാണു വിജയലക്ഷ്മി. സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ ‘കാറ്റേ കാറ്റേ’ എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. തമിഴിലും ശ്രദ്ധേയയായ ഗായികയാണ്.