അവർ പറഞ്ഞു; ഇത് റഹ്മാനു മാത്രമേ സാധിക്കൂ!

എ.ആർ. റഹ്മാന്റെ 'നീലമലൈചാറൽ' ഏറ്റെടുത്ത് ആരാധകർ. 'ചെക്ക ചിവന്ത വാനം' എന്ന ചിത്രത്തിലേതാണു ഗാനം. മികച്ച പ്രതികരണമാണു ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. 

‘നിങ്ങൾ നിരവധി തവണ കേൾക്കാൻ കൊതിക്കുന്ന ഗാനം’ എന്ന കുറിപ്പോടെയാണു 'ചെക്ക ചിവന്ത വാന'ത്തിലെ ഈ ഗാനം അണിയറപ്രവർത്തകർ യൂട്യൂബിൽ റിലീസ് ചെയ്തത്. ആ അവകാശവാദം ശരിവയ്ക്കുന്ന രീതിയിലാണ് ആസ്വാദകരുടെ പ്രതികരണവും. ഇങ്ങനെയൊരു ഗാനം നൽകിയതിനു റഹ്മാനു നന്ദിപറയുകയും അഭിനന്ദിക്കുകയും ചെയ്യുകയാണ് ആരാധകർ. 'തികച്ചും വ്യത്യസ്തമായ രീതിയിലാണു എ.ആർ. റഹ്മാൻ ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇത്രയും മനോഹരമായ ഗാനം സമ്മാനിക്കാൻ റഹ്മാനു മാത്രമേ സാധിക്കൂ. ഇങ്ങനെയൊരു ഗാനം സംഗീത പ്രേമികൾക്കു നൽകിയതിന് അങ്ങയ്ക്ക് ഒരായിരം നന്ദി' എന്നാണു പലരുടെയും കമന്റുകൾ. 

വർഷങ്ങൾക്കിപ്പുറം മണിരത്നം, വൈരമുത്തു, റഹ്മാൻ എന്നിവർ ഒന്നിക്കുന്ന ചിത്രമാണ് 'ചെക്ക ചിവന്ത വാനം'. വൈരമുത്തുവിന്റെ വരികൾക്കു സംഗീതം നൽകിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും റഹ്മാൻ‌ തന്നെയാണ്. ചിത്രത്തിന്റെ ഓഡിയോ റിലീസ് ചടങ്ങിൽ മണിരത്നത്തിനായി റഹ്മാൻ ഈ ഗാനം ആലപിക്കുകയും ചെയ്തു. 'നായകൻ' സിനിമയുടെ കാലഘട്ടത്തിലുള്ള അതേ എനർജിയാണ്  'ചെക്ക ചിവന്തവാന'ത്തിൽ മണിരത്നത്തില്‍ കണ്ടതെന്നും റഹ്മാൻ പറഞ്ഞു. 

മണിരത്നവും റഹ്മാനും തങ്ങളുടെ പ്രിയകവി വൈരമുത്തുവിനൊപ്പം ഗോവയിൽ എത്തിയാണു ഗാനങ്ങൾ ചിട്ടപ്പെടുത്തിയത്. പ്രകാശ് രാജ്, അരവിന്ദ് സ്വാമി, വിജയ് സേതുപതി, ചിമ്പു, ജ്യോതിക, അരുൺ വിജയ്, അതിഥി റാവൂ എന്നിങ്ങനെ തമിഴിലെ പ്രമുഖതാരങ്ങളെല്ലാം ആക്‌ഷൻ എന്റർടെയ്നറായ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.