മോതിരം കൈമാറി വിജയലക്ഷ്മിയും അനൂപും; വിവാഹം ഒക്ടോബറിൽ

മലയാളത്തിന്റെ പ്രിയഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹനിശ്ചയം കഴിഞ്ഞു. വൈക്കത്തെ വീട്ടിൽ ഇന്നലെ ആയിരുന്നു ചടങ്ങ്.  പാലാ സ്വദേശി അനൂപാണു വരൻ. 

അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും സാക്ഷിയാക്കി വിജയലക്ഷ്മിയും അനൂപും മോതിരം കൈമാറി. രണ്ടുവർഷം മുൻപാണ് അനുപിന്റെ ആലോചന വരുന്നത്. വിജയലക്ഷ്മി സമ്മതിച്ചതോടെ ഒരുക്കങ്ങൾ വേഗത്തിലായി. ഇന്റീരിയർ ഡിസൈനറായ അനൂപ് മിമിക്രി കലാകാരൻ‌ കൂടിയാണ്. കലാരംഗത്തുള്ള പ്രാവീണ്യമാണ് അനൂപിലേക്ക് ആകർഷിച്ചതെന്ന് വിജയലക്ഷ്മി നേരത്തെ പറഞ്ഞിരുന്നു.

ഒക്ടോബർ 22ന് വൈക്കം മഹാദേവക്ഷേത്രത്തിൽ വെച്ചാണ് വിവാഹം. ഉദയനാപുരം സ്വദേശികളായ വി. മുരളീധരന്റെയും വിമലയുടെയും മകളാണ് വിജയലക്ഷ്മി. വിജയലക്ഷ്മിയുടെ കാറ്റേ കാറ്റേ, ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ എന്നീഗാനങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. തന്റെ ആലാപന മാധുരികൊണ്ട് ഇപ്പോൾ തമിഴകത്തെയും കയ്യിലെടുക്കുകയാണു മലയാളത്തിലെ ഈ പ്രിയഗായിക.