'നീലക്കുയിലേ ചൊല്ലൂ' അതേ പാട്ട്, നൃത്തം; ഇവിടെയുണ്ട് ചിത്ര

'നീലക്കുയിലേ ചൊല്ലൂ മാരിക്കിളിയേ' ചൊല്ലു എന്ന ഗാനം  പാടിയും ചുവടുവച്ചും മലയാളിയുടെ പ്രിയതാരം ചിത്ര. മഴവിൽ മനോരമയിലെ 'ഒന്നുമൊന്നും മൂന്ന്' എന്ന പരിപാടിയിലായിരുന്നു ചിത്ര തന്റെ പഴയഗാനങ്ങൾ റിമിടോമിക്കൊപ്പം പാടുകയും ചുവടുവെക്കുകയും ചെയ്തത്. 'അദ്വൈതം' എന്ന ചിത്രത്തിലെ 'നീലക്കുയിലേ ചൊല്ലൂ മാരിക്കിളിയേ ചൊല്ലൂ' എന്ന ഗാനത്തോടെയാണു റിമി ചിത്രയെ പരിപാടിയിലേക്കു സ്വാഗതം ചെയ്തത്. റിമിയുടെ ഗാനത്തിനൊപ്പം ചുവടുവച്ച് ചിത്ര വേദിയിലെത്തി. തുടർന്ന് റിമിക്കൊപ്പം ഗാനത്തിലെ ഏതാനും വരികൾ ആലപിക്കുകയും ചെയ്തു. 

1991ൽ പുറത്തിറങ്ങിയതാണ് പ്രിയദർശൻ ചിത്രം 'അദ്വൈതം'. ചിത്രത്തിലെ 'നീലക്കൂയിലേ ചൊല്ലൂ' എന്ന ഗാനം ആലപിച്ചത് സുജാതയും എം.ജി. ശ്രീകുമാറും ചേർന്നാണ്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് എം.ജി. രാധാകൃഷ്ണനാണു സംഗീതം. 

ഗാനത്തിൽ മോഹൻലാലിനൊപ്പം അഭിനയിച്ചതിന്റെ അനുഭവവും ചിത്ര പങ്കുവച്ചു. 'ലാലേട്ടനായിരുന്നു എന്റെ ആദ്യത്തെ ഹീറോ. 'ആട്ടക്കലാശം' എന്ന ചിത്രത്തിലായിരുന്നു അത്. എന്റെ ആദ്യത്തെ സിനിമയായിരുന്നു .നാണമാകുന്നു മേനിനോവുന്നു എന്ന ഗാനം ആ ചിത്രത്തിലേതാണ്. 1983ലാണു ആ സിനിമ റിലീസ് ചെയ്തത്.'- ചിത്ര പറഞ്ഞു. തുടർന്ന് ഈ ഗാനം റിമി പാടുകയും ചിത്ര ആ ഗാനരംഗങ്ങൾ വീണ്ടും വേദിയിൽ അവതരിപ്പിക്കുകയും ചെയ്തു.  തമിഴ്നാട്ടിലേക്കാൾ കൂടുതൽ കേരളത്തിലാണു ആരാധകർ ഉണ്ടായിരുന്നതെന്നും ചിത്ര പറഞ്ഞു. 

'പഞ്ചാഗ്നി'യിലെ 'ആ രാത്രി മാഞ്ഞുപോയി' എന്ന ഗാനവും ചിത്ര റിമിക്കൊപ്പം ആലപിച്ചു. 1986ല്‍ എംടി-ഹരിഹരൻ കുട്ടുകെട്ടിൽ പിറന്ന മോഹൻലാൽ ചിത്രമായിരുന്നു പഞ്ചാഗ്നി. കെ.എസ്. ചിത്രയാണ് ആ രാത്രി മാഞ്ഞുപോയി എന്ന ഗാനം ആലപിച്ചിരിക്കുന്നത്. ഒഎൻവിയുടെ വരികൾക്ക് ബോംബെ രവിയാണു സംഗീതം. 

ഇനിയും മലയാളത്തില്‍ നല്ല റോളുകൾ ലഭിച്ചാൽ അഭിനയിക്കുമെന്നും ചിത്ര പറഞ്ഞു. തുടർന്ന് 'അമര'ത്തിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവവും ചിത്ര പങ്കുവച്ചു. ചിത്രയുടെ വാക്കുകൾ ഇങ്ങനെ: ആലപ്പുഴ കടപ്പുറത്തായിരുന്നു അമരത്തിന്റെ ചിത്രീകരണം. ചിത്രത്തിലെ വികാര നൗകയുമായ് എന്ന ഗാനം എപ്പോഴും ഓർമയിൽ നിൽക്കുന്നതാണ്. എനിക്കു ലഭിച്ച നല്ല കഥാപാത്രങ്ങളിൽ ഒന്നായിരുന്നു അത്. തുടർന്ന് 'അമര'ത്തിലെ 'വികാര നൗകയുമായ്' എന്ന ഗാനവും റിമിടോമി ചിത്രയ്ക്കായി പാടി.