പ്രിയങ്കയുമായി 'ഡേറ്റിങ്' ആയിരുന്നോ? നിക് ജോനാസിന്റെ മറുപടി

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുമായുള്ള പ്രണയകഥ പറഞ്ഞ് അമേരിക്കൻ ഗായകൻ നിക് ജോനാസ്. ഇതാദ്യമായാണു നിക്ക് ജോനാസ് പ്രിയങ്കയുമായി തനിക്കുള്ള ബന്ധത്തെപ്പറ്റി മനസ്സുതുറക്കുന്നത്. അമേരിക്കൻ ടിവി ഷോയിലായിരുന്നു നിക്കിന്റെ പ്രതികരണം. 

നിക് ജോനാസിന്റെ വാക്കുകൾ ഇങ്ങനെ: ‘ഒരു സുഹൃത്ത് വഴിയാണു ഞങ്ങൾ പരിചയപ്പെടുന്നത്. നേരിട്ടു കാണുന്നതിനും ആറുമാസം മുൻപുതന്നെ ഞങ്ങൾ സോഷ്യൽ മീഡിയവഴിയും മൊബൈൽ വഴിയും ടെക്സ്റ്റ് ചെയ്യുമായിരുന്നു. അതിനുശേഷമാണു ഞങ്ങൾ ഒരുമിച്ചു കഴിഞ്ഞ വർഷത്തെ മെറ്റ് ഗാലയില്‍ പങ്കെടുത്തത്. അന്ന് നല്ല സുഹൃത്തുക്കൾ ആയിരുന്നു. ആ സമയത്തുതന്നെ നിരവധി പേർ ചോദിച്ചിരുന്നു ഞങ്ങൾ ഡേറ്റിങ്ങിലാണോ എന്ന്. ആയിരുന്നില്ല എന്നായിരുന്നു എന്റെ മറുപടി. ലജ്ജ കാരണമാണു ബന്ധം തുറന്നു പറയാന്‍ ഞങ്ങൾ തയാറാകാതിരുന്നത് എന്നായിരുന്നു പലരും കരുതിയത്. എന്നാൽ സത്യം അതായിരുന്നില്ല. ഞങ്ങള്‍ രണ്ടുപേരും വ്യത്യസ്ത സ്ഥലങ്ങളിലാണു ജീവിച്ചിരുന്നത്. അതുകൊണ്ടു ൃതന്നെ മറ്റുള്ളവർ കരുതിയിരുന്നതുപോലെ ഒരു ബന്ധമൊന്നും ഉണ്ടായിരുന്നില്ല. ഏതായാലും വിവാഹ നിശ്ചയത്തോടെ ഇത്തരം കഥകളെല്ലാം അവസാനിക്കുകയാണല്ലേോ. അതിൽ സന്തോഷം’.

കേവലം അഞ്ചുമാസം മുൻപാണ് കാര്യങ്ങൾ ഗൗരവമാണെന്നു മനസ്സിലായതെന്നും നിക് ജോനാസ് പറഞ്ഞു. വീണ്ടും പ്രിയങ്കയെ കണ്ടപ്പോൾ ഇങ്ങനെയൊരു പ്രണയം രണ്ടുപേർക്കും ഉള്ളിൽ ഉണ്ടെന്നു മനസ്സിലായി. ഒരുമിച്ചാണെങ്കിൽ ജീവിതം അൽപം കൂടി മനോഹരമായിരിക്കുമെന്ന തിരിച്ചറിവിനെ തുടർന്നാണു വിവാഹിതരാകാനുള്ള തീരുമാനമെന്നും നിക് ജോനാസ് കൂട്ടിച്ചേർത്തു. മാത്രമല്ല പ്രിയങ്കയെ ‘പ്രിക്ക്’ എന്ന ഓമനപ്പേരിൽ വിളിക്കാനാണു തനിക്ക് ഇഷ്ടമെന്നും നിക്  പറഞ്ഞു. 

ഓഗസ്റ്റ് 18 ന് പ്രിയങ്കാ ചോപ്രയുടെ വീട്ടിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. എന്നാൽ, വിവാഹ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. ഉടൻ തീരുമാനിക്കുമെന്നു പ്രിയങ്കയുടെ അമ്മ മധു ചോപ്രയും വ്യക്തമാക്കി. ‘ഇരുവര്‍ക്കും അവർ ഏറ്റെടുത്ത കുറെ ജോലികൾ ചെയ്തു തീർക്കാനുണ്ട്. എപ്പോൾ എങ്ങനെ വിവാഹം വേണമെന്ന് അതിനുശേഷം അവർ തന്നെ തീരുമാനിക്കട്ടെ’- മധു ചോപ്ര പറഞ്ഞു