ഇത് വൈക്കം വിജയലക്ഷ്മി സ്റ്റൈൽ 'ജീവാംശമായ്'

'ജീവാംശമായ്' എന്ന ഗാനം കസൂവിൽ വായിച്ച് വൈക്കം വിജയലക്ഷ്മി. ഗാനത്തിന്റെ സംഗീത സംവിധായകനായ കൈലാസ് മേനോനാണു വൈക്കം വിജയലക്ഷ്മി കസൂവിൽ 'ജീവാംശമായ്' വായിക്കുന്ന വിഡിയോ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. സംഗീതോപകരണമായ കസൂവിൽ വൈക്കം വിജയലക്ഷ്മി ജീവാംശമായ് ഭാംഗിയായി വായിക്കുന്നു എന്ന കുറിപ്പോടെയാണു കൈലാസ് മേനോൻ വിഡിയോ ഷെയർ ചെയ്തത്. 

മികച്ച പ്രതികരണം നേടി  മുന്നേറുകയാണ് ടൊവീനോ ചിത്രം 'തീവണ്ടി'യിലെ ജീവാംശമായ് എന്ന ഗാനം. ബി.കെ. ഹരിനാരായണന്റെതാണു വരികൾ. ചിത്രം റിലീസ് ആകുന്നതിനു മുൻപുതന്നെ ഈ ഗാനം ആസ്വാദക ഹൃദയങ്ങളിൽ ഇടംപിടിച്ചിരുന്നു. ടൊവീനോയും സംയുക്ത മേനോനുമാണു ഗാനരംഗത്തിൽ എത്തുന്നത്. മനോഹരമായ വരികളും പ്രണയം നിറയുന്ന ദൃശ്യാവിഷ്കാരവുമാണു ഗാനത്തിന്റെ പ്രത്യേകത. 

നേരത്തെയും വൈക്കം വിജയലക്ഷ്മി കസൂവിൽ ഗാനങ്ങൾ ആലപിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ എത്തിയിരുന്നു. 'മറന്നുവോ പൂമകളേ' എന്ന ഗാനം വിജയലക്ഷ്മി കസുവിൽ വായിക്കുന്നതു സംഗീത സംവിധായകൻ എം. ജയചന്ദ്രനും പങ്കുവച്ചിരുന്നു.