ഇത് സ്വപ്ന സാക്ഷാത്കാരം, മുകേഷേട്ടനു നന്ദി: മേതിൽ ദേവിക

വ്യത്യസ്തമായ നൃത്ത ഡോക്യുമെന്ററിയുമായി പ്രശസ്ത നർത്തകി മേതിൽ ദേവിക. മോഹിനിയാട്ടം പ്രമേയമാക്കിയാണു 'സർപ്പതത്വം' എന്ന ഡോക്യുമെന്ററി എത്തുന്നത്. പ്രാചീന സംഗീതത്തിലും വരികളിലും ഊന്നി വ്യത്യസ്തമായ രീതിയിലാണു ഡോക്യുമെന്ററിയുടെ ആവിഷ്കാരം. മകുടിയുടെ രാഗവും താളവുമാണു പശ്ചാത്തല സംഗീതമായി ഉപയോഗിച്ചിരിക്കുന്നത്. 

നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ചെങ്കിലും ഇങ്ങനെ ഒരു ഉദ്യമം ആദ്യമായാണെന്നു മേതിൽ ദേവിക പറഞ്ഞു. നൃത്തത്തെപ്പറ്റി കൂടുതൽ പഠനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഈ ഡോക്യുമെന്ററി സഹായകരമാകുമെന്നും ദേവിക അറിയിച്ചു.

'ഡോക്യുമെന്ററി അടൂർ ഗോപാലകൃഷ്ണനെ കാണിച്ചപ്പോൾ അദ്ദേഹം മികച്ച അഭിപ്രായമാണു പറഞ്ഞത്. അതിൽ വലിയ സന്തോഷം തോന്നി. സെപ്റ്റംബർ 21 മുതൽ 27 വരെ ലൊസാഞ്ചലസിൽ ഡോക്യുമെന്ററിയുടെ ആദ്യ പ്രദർശനം നടക്കും. ഇതൊരു സ്വപ്ന സാക്ഷാത്കാരമാണ്. അതിന് എല്ലാ സമയത്തും ഒപ്പം നിന്ന മുകേഷേട്ടനോടാണ് ആദ്യം നന്ദി പറയുന്നത്. ഒപ്പം ഈ ഡോക്യുമെന്ററിയുടെ മുഴുവൻ ടീമിനും' - ദേവിക പറഞ്ഞു. 

മ്യുസിക് അഡാപ്റ്റേഷനും കൊറിയോഗ്രാഫിയും ഉൾപ്പെടെ നിര്‍വഹിച്ചിരിക്കുന്നത് മേതിൽ ദേവികയാണ്. ലൊസാഞ്ചലസിലെ പ്രദർശനത്തിനു ശേഷം കേരളത്തിലും ഡോക്യുമെന്ററി പ്രദർശിപ്പിക്കും. രതീഷ് കടമ്പയും മേതിൽ ദേവികയും ചേർന്നാണു സംവിധാനം.