ഈ 'ജീവാംശമായ് താനേ' അമൃതയുടെത്

'തീവണ്ടി'യിലെ 'ജീവാംശമായ് താനേ' എന്ന ഗാനത്തിന് പുതുശബ്ദം നൽകി വിദ്യാർഥിനി. ആളില്ലാ ക്ലാസ്റൂമിൽ നിന്ന് അമൃത പാടുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. 

ഇതിനുമുൻപും അമൃത പാടിയ ഗാനങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. 'മായാനദി'യിലെ 'മിഴിയിൽ നിന്നും' എന്ന ഗാനത്തിന് അമൃത പാടിയ കവർ കയ്യടി നേടിയിരുന്നു. പെരുമ്പാവൂർ സ്വദേശിനിയായ അമൃത കോഴിക്കോട് മെഡിക്കൽ കോളജിൽ അവസാന വർഷ ബി ഫാം വിദ്യാർഥിയാണ്.

 ‌

'തീവണ്ടി'യിലെ ഗാനങ്ങളെല്ലാം തന്നെ ഇതിനോടകം പ്രേക്ഷക ശ്രദ്ധനേടിക്കഴിഞ്ഞു. ജീവാംശമായ് എന്ന ഗാനം ഇതിനോടകം ഇരുപത് മില്യൺ ആളുകൾ കണ്ടുകഴിഞ്ഞു. ഹരിനാരായണന്റെതാണു വരികൾ. ശ്രേയ ഘോഷാലും ഹരിശങ്കറും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. കൈലാ‍സ് മേനോനാണു സംഗീതം. വലിയ ഇടവേളയ്ക്കു ശേഷമാണ് ഇത്തരത്തിൽ ഒരുഗാനം മലയാള സിനിമയിൽ എത്തുന്നതെന്ന് കൈലാസ് മേനോൻ പറഞ്ഞു.

അതേസമയം, തികച്ചും യാദൃശ്ചികമായി വന്ന പദമാണു ജീവാംശമായ് എന്നായിരുന്നു ഗാനരചയിതാവ് ബി.കെ. ഹരിനാരായണന്റെ പ്രതികരണം. ഈ വാക്കിൽ തുടങ്ങുന്നത് പോസിറ്റീവ് ആയി മാറുമോ ഇല്ലയോ എന്നതു സംബന്ധിച്ച് സിനിമയുടെ സെറ്റിൽ ഒരു മിശ്രാഭിപ്രായമുണ്ടാക്കി എന്നും ഹരിനാരായണൻ പറഞ്ഞു. 

തിയറ്ററുളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ടൊവീനോ ചിത്രം 'തീവണ്ടി'. സംയുക്ത മേനോനാണു ചിത്രത്തിലെ നായിക. ഫെല്ലിനി ടി.പിയാണു സംവിധാനം.