ശരിക്കും ആരാണ് പ്രിയ? 'മാണിക്യമലർ' കണ്ണിറുക്കൽ വീണ്ടും

തരംഗമായിരുന്നു 'മാണിക്യ മലരായ പൂവി' എന്ന ഗാനത്തിലെ പ്രിയ പ്രകാശ് വാര്യരുടെ കണ്ണിറുക്കൽ. തുടർന്ന് പല കണ്ണിറുക്കലുകളും നമ്മൾ കണ്ടു. എന്തിനേറെ പറയുന്നു. പാര്‍ലമെന്റിൽ രാഹുൽ ഗാന്ധി വരെ ഈ കണ്ണിറുക്കലിന്റെ ഭാഗമായി. ഇപ്പോൾ ഏറ്റവും ഒടുവില്‍ അതേ കണ്ണിറുക്കലുമായി എത്തിയിരിക്കുകയാണു ബോളിവുഡ് താരം ദിഷ പട്ടാനി. 

'മാണിക്യ മലരായ പൂവി' എന്ന ഗാനത്തില്‍ സ്കൂള്‍ യുണിഫോമിലാണു പ്രിയ എത്തുന്നത്. അതുപോലെ തന്നെയുള്ള സ്കൂൾ യൂണിഫോം ധരിച്ചുള്ള ദിഷയുടെ കണ്ണിറുക്കലിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 'പ്രിയ വാര്യരുടെതു പോലെ കണ്ണിറുക്കുന്ന ദിഷ' എന്ന കുറിപ്പോടെയാണു ഫോട്ടോ പങ്കുവെക്കുന്നത്. 'പെട്ടന്ന് നോക്കുമ്പോൾ രണ്ടു പേരെയും ഒരു പോലുണ്ട്. ഇതിൽ ശരിക്കും ആരാണ് പ്രിയ, ആരാണ് ദിഷ' എന്നിങ്ങനെയാണു പലരുടെയും കമന്റുകൾ. ഒരു പരസ്യചിത്രത്തിനു  വേണ്ടിയായിരുന്നു ദിഷയുടെ കണ്ണിറുക്കൽ.

'ഒരു അഡാറ് ലൗ' എന്ന ചിത്രത്തിലേതാണു ഗാനം. നേരത്തെ ഗാനത്തിന് എതിരെ വിവിധ കോണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു.ജിമിക്കി കമ്മലിനു ശേഷം യുട്യൂബിൽ റെക്കോർഡിട്ട ഗാനമായിരുന്നു മാണിക്യമലരായ പുവി. ഷാൻ റഹ്മാനാണു ഗാനത്തിനു സംഗീതം പകർന്നത്. വിനീത് ശ്രീനിവാസനാണു ചിത്രത്തിൽ ഗാനം ആലപിച്ചിരിക്കുന്നത്.