കിരീടത്തിലെ സേതുവിന്റെ സഹോദരി; ആ ഗാനത്തിനു ചുവടുവച്ച് ഉഷ

വർഷങ്ങൾക്കിപ്പുറം പഴയ സൂപ്പർ ഹിറ്റ് ഗാനത്തിനു ചുവടുവച്ച് ചലച്ചിത്ര താരം ഉഷ. 'ഹിറ്റ്ലർ' എന്ന ചിത്രത്തിലെ 'കിതച്ചെത്തും കാറ്റേ' എന്ന ഗാനത്തിനായിരുന്നു ഉഷയുടെ തകർപ്പൻ ഡാൻസ്. മഴവിൽ മനോരമയുടെ 'ഒന്നും ഒന്നും മൂന്ന്' എന്ന പരിപാടിയിൽ അതിഥിയായി എത്തിയതായിരുന്നു ഉഷ.

മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ഗാനങ്ങളിൽ ഒന്നാണ് 'ഹിറ്റ്ലറി'ലെ 'കിതച്ചെത്തും കാറ്റേ'. എം.ജി. ശ്രീകുമാറും ചിത്രയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെതാണു വരികൾ. എസ്.പി വെങ്കിടേഷ് സംഗീതം നൽകിയിരിക്കുന്നു. ഈ ഗാനത്തിനാണു ഉഷ ചുവടുവച്ചത്. 

കിരീടത്തിൽ മോഹൻലാലിന്റെ സഹോദരിയായി എത്തിയത് ഉഷയായിരുന്നു. ആ കഥാപാത്രത്തെ ഇപ്പോഴും മലയാളി ഓർക്കുന്നുണ്ടെന്ന് ഉഷ പറഞ്ഞു. ഉഷയുടെ വാക്കുകൾ ഇങ്ങനെ: 'ഇത്രകാലം സിനിമ മേഖലയിൽ നിന്നു മാറിനിന്നാലും ആളുകൾ നമ്മളെ ഓർക്കുന്നുണ്ട്. ആ സിനിമ അത്ര വലിയ ഹിറ്റാകും എന്നൊന്നും കരുതിയല്ല അതിൽ അഭിനയിച്ചത്. എത്രകാലം കഴിഞ്ഞാലും കിരീടം, ചെങ്കോൽ എന്നീ ചിത്രങ്ങള്‍ ജനങ്ങളുടെ മനസ്സിൽ ഇപ്പോഴും ഉണ്ട്.  സേതുവിന്റെ സഹോദരി എന്ന് എല്ലാവരും ഇപ്പോഴും ഓർക്കുന്നുണ്ട്.  ലാലേട്ടൻ അന്നും ഇന്നും ഒരുപോലെയാണ്. ഒരു വ്യത്യാസവുമില്ല. ആലപ്പുഴയിൽ ഇങ്ങനെ ഒരാൾ ഉണ്ടായിരുന്നു. സേതുമാധവനെ പോലെ തന്നെ ജീവിച്ചിരുന്ന ഒരു കഥാപാത്രം. എനിക്കു നേരിട്ട് അറിയാവുന്ന ഒരു വ്യക്തിയായിരുന്നു. ചെങ്കോൽ എന്ന സിനിമയുടെ ഷൂട്ട് നടക്കുമ്പോൾ ആ വ്യക്തിക്ക് ഇതുപോലൊരു ദാരുണമായ അന്ത്യം ഉണ്ടായി.'

കിരീടംപോലെ മനോഹരമായ സിനിമ നമുക്ക് സമ്മാനിച്ചവരെ മറക്കാനാകില്ല. ഈ സിനിമയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ പെട്ടന്ന് ഓർമ വരിക സിനിമയിലെ 'കണ്ണീർ പുവിന്റെ കവിളിൽ തലോടി' എന്ന ഗാനമാണെന്ന് റിമി ടോമി പറഞ്ഞു. തുടർന്ന് റിമി ആ ഗാനം ആലപിക്കുകയും ചെയ്തു.