വൈറൽ 'ജീവാംശ'ത്തിന്റെ ഈ ക്ലാസിക്കൽ നൃത്തം

'ജീവാംശമായ്' എന്ന ഗാനത്തിനു ശാസ്ത്രീയ നൃത്താവിഷ്കാരം നൽകി ഒരു നർത്തകി. കോട്ടയം പുതുപ്പള്ളിയിലെ അഞ്ജലി ഹരി എന്ന നർത്തകിയാണു 'തീവണ്ടി'യിലെ ഹിറ്റ് ഗാനത്തിനു നൃത്താവിഷ്കാരം നൽകിയത്. ഗാനത്തിനുള്ള അഞ്ജലിയുടെ നൃത്തം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്.

ഇന്നലെയാണ് അഞ്ജലി നൃത്താവിഷ്കാരം ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. ഇരുപത്തിനാല് മണിക്കൂറിനകം ലക്ഷക്കണക്കിന് ആളുകൾ അഞ്ജലിടുയെ 'ജീവാംശമായ്' നൃത്തം കണ്ടു. 'എക്സലെന്റ്'എന്നാണു ഗാനത്തിന്റെ സംഗീത സംവിധായകനായ കൈലാസ് മേനോൻ അഞ്ജലിയുടെ നൃത്തത്തിനു കമന്റ് ചെയ്തിരിക്കുന്നത്. 

കോട്ടയം പുതുപ്പള്ളിയിൽ നൃത്ത അധ്യാപികയാണ് അഞ്ജലി ഹരി. തന്റെ കുട്ടികളുടെ ആവശ്യപ്രകാരമാണ് ഇങ്ങനെ ഒരു പരീക്ഷണം നടത്തിയതെന്ന് അഞ്ജലി പറഞ്ഞു. "ജീവാംശമായ് എന്ന ഗാനത്തിന്റെ നാലുവരികൾക്കാണു നൃത്താവിഷ്കാരം നൽകിയത്.മുൻപും ഇങ്ങനെ ചില പാട്ടുകൾ ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായാണു വിഡിയോ ചെയ്യുന്നത്.   പാട്ട് കേട്ടപ്പോൾ തന്നെ ഇഷ്ടമായിരുന്നു. പിന്നെ കുട്ടികളുടെ ആവശ്യം കൂടി പരിഗണിച്ചു ചെയ്തതാണ്."- അഞ്ജലി പറഞ്ഞു. 

സിനിമ തിയറ്ററിലെത്തും മുൻപു തന്നെ 'തീവണ്ടി'യിലെ 'ജീവാംശമായ്' എന്ന ഗാനം ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരുന്നു. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് കൈലാസ് മേനോനാണു സംഗീതം. ശ്രേയ ഘോഷാലും ഹരിശങ്കറും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്.