ഇന്നാണ് ആ സുദിനം; സൂര്യഗായത്രിയുടെ സ്വപ്ന സാക്ഷാത്കാരം

സൂര്യഗായത്രി എന്ന കൊച്ചുഗായികയെ ആരും മറന്നുകാണില്ല. ഭക്തിരസം തുളുമ്പുന്ന കീർത്തനങ്ങൾ കൊണ്ടു സംഗീത ലോകത്തെ അമ്പരപ്പിക്കുന്ന കൊച്ചു മിടുക്കി. യുട്യൂബിൽ കോടിക്കണക്കിന് ആരാധകരുള്ള ഗായികയാണു സൂര്യഗായത്രി. സൂര്യഗായത്രിയുടെ ജീവിതത്തിൽ ഈ ദിനത്തിന് ഒരു പ്രത്യേകതയുണ്ട്. ഇന്നാണ് ഈ കൊച്ചുമിടുക്കി തിരുപ്പതി ക്ഷേത്രത്തിൽ കീര്‍ത്തനം ആലപിക്കുന്നത്. 

തിരുപ്പതി ക്ഷേത്രത്തിൽ കീർത്തനം ആലപിക്കുക എന്നത് ഏതൊരു പാട്ടുകാരുടെയും സ്വപ്നമായിരിക്കും. കാരണം, അപൂർവം ചിലർക്കേ അതിനുള്ള ഭാഗ്യം ലഭിക്കൂ. അടുത്തിടെ ഗുരു ആനന്ദി ടീച്ചർ സൂര്യയെ ഒരു പുതിയ കീർത്തനം പഠിപ്പിച്ചു. എന്നെങ്കിലും ഒരിക്കൽ വലിയ ഗായികയായി മാറുമ്പോൾ തിരുപ്പതി ക്ഷേത്രത്തിൽ പാടാൻ വിളിക്കും. അന്നു പാടാൻ വേണ്ടിയെന്നു പറഞ്ഞാണ് അന്നമാചാര്യരുടെ കൃതിയായ ഭാവമു ലോനേ... പഠിപ്പിച്ചത്. 'തിരുപ്പതി ക്ഷേത്രത്തിൽ അന്നമാചാര്യരുടെ കീർത്തനം മാത്രമേ ആലപിക്കാൻ സാധിക്കൂ. വലിയ ഗായകർക്കു മാത്രമാണ് അവിടെ പാടാൻ അവസരം കിട്ടാറ്' എന്നും ടീച്ചർ സൂര്യയോടു പറഞ്ഞു. 

പാട്ടുപഠിച്ച് സൂര്യ വീട്ടിലെത്തി. അടുത്ത ദിവസം രാവിലെ തിരുപ്പതി ക്ഷേത്രത്തിൽ നിന്ന് ബ്രഹ്മോത്സവത്തിൽ പാടാനായി സൂര്യയെ ക്ഷണിച്ചു കൊണ്ടുള്ള വിളിയും എത്തി. അങ്ങനെയാണ് ഈ  സൂര്യഗായത്രിക്ക്  തിരുപ്പതി ക്ഷേത്രത്തിൽ പാടാനുള്ള അവസരം ലഭിച്ചത്. 'കിട്ടിയ അവസരങ്ങളെ ഭാഗ്യം എന്നു വിളിക്കാനല്ല, അനുഗ്രഹം എന്നു പറയാനാണ് ഇഷ്ടം' എന്ന് സൂര്യ നേരത്തെ മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു

കോടിക്കണക്കിനു ആരാധകരുടെ പ്രാർഥനയുടെയും അനുഗ്രഹത്തിന്റെയും സൂര്യ ഇന്ന് തിരുപ്പതി ക്ഷേത്രത്തിൽ കീർത്തനം ആലപിക്കുകയാണ്. കോഴിക്കോട് പുറമേരി സ്വദേശികളായ അനിൽ കുമാറിന്റെയും ദിവ്യയുടെയും മകളാണു സൂര്യഗായത്രി.