റഹ്മാൻ എന്നോടു മിണ്ടിയിരുന്നില്ല; ഞാൻ റഹ്മാനോടും: കെ.എസ്.ചിത്ര

എ.ആർ റഹ്മാനെ ആദ്യമായി കണ്ടതിന്റെ ഓർമ പങ്കുവച്ച് ഗായിക കെ.എസ്. ചിത്ര. ആദ്യം കാണുന്ന സമയത്തൊന്നും റഹ്മാനോട് ഒന്നും സംസാരിച്ചിരുന്നില്ലെന്നും ചിത്ര പറഞ്ഞു. ഇളയരാജയുടെ 'ഏതേതോ' എന്ന ഗാനത്തിന്റെ റെക്കോർഡിങ് സമയത്താണ് റഹ്മാനെ കാണുന്നതെന്നും ചിത്ര പറഞ്ഞു. ഒരു തമിഴ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു ചിത്ര റഹ്മാനെ പരിചയപ്പെട്ടതിന്റെ ഓർമ പങ്കു വച്ചത്. 

ചിത്രയുടെ വാക്കുകൾ ഇങ്ങനെ: 'രാജാസാറിന്റെ ഏതേതോ എന്ന ഗാനത്തിന്റെ റെക്കോർഡിങ് സമയത്താണ് ഞാൻ റഹ്മാനെ കാണുന്നത്. ഗാനം റെക്കോർഡ് ചെയ്യുന്നതിനു മുൻപ് രാജാസാർ ഒരു റിഹേഴ്സൽ നടത്തും. ഓർക്കസ്ട്രയോടു കൂടി തന്നെ ആണ് ആ റിഹേഴ്സല്‍ നടത്തുന്നത്. അതിനുശേഷം ഓർക്കസ്ട്രാ ബാലൻസിങ് നടത്തും. അപ്പോൾ ദിലീപ് കീബോഡ് ചെയ്യൂ എന്നൊക്കെ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഈ ദിലീപ് ആരാണെന്ന്് അന്ന് എനിക്ക് അറിയില്ലായിരുന്നു. റെക്കോർഡിങ് കഴിഞ്ഞ് ഇറങ്ങുമ്പോൾ ഒരു ചെറിയ പയ്യൻ പാന്റ്സിന്റെ രണ്ടു പോക്കറ്റിലും കയ്യിട്ട് നടന്നുപോയി കാറിൽ കയറി പോകുന്നത് ഞാൻ ദിവസവും കണ്ടിരുന്നു. ഇത് ആരാണ്. ഇവിടെ എന്തായിരിക്കും ജോലി എന്നൊക്കെ ഞാൻ ചിന്തിച്ചു. ഓർക്കസ്ട്രയെ പറ്റി അപ്പോൾ ചിന്തിച്ചതേയില്ല. അപ്പോഴാണ് അവിടെയുള്ളവർ എന്നോടു പറഞ്ഞത്. ഇതാണ് ആർ.കെ. ശേഖറിന്റെ മകൻ. കീബോർഡ് വായിക്കുന്നത് ഇയാളാണ്. ചെറിയൊരു ആൺകുട്ടിയായിരുന്നു അന്ന്. ഇത്രേം ചെറിയ ആളാണോ കീബോർഡ് വായിക്കുന്നതെന്നു ചിന്തിച്ച് എനിക്ക് അത്ഭുതം തോന്നി. അതിനൊക്കെ ശേഷമാണ് എ.ആർ. റഹ്മാൻ എന്ന് പേരുമാറ്റുന്നത്. പിന്നീട് ചില സംഗീത സംവിധായകരുടെ എല്ലാം കൂടെ കീബോർഡ് വായിക്കുന്നത് ഞാൻ കണ്ടിരുന്നു. പക്ഷേ, എന്റേയും റഹ്മാന്റേയും ഒരു സൈലന്റ് ക്യാരക്ടർ ആണ്. അതുകൊണ്ടുതന്നെ അന്നൊന്നും ഒന്നും സംസാരിച്ചിരുന്നില്ല. എന്റെ അടുത്തുവന്നു സംസാരിക്കുന്നവരോടു മാത്രമേ അന്ന് ഞാൻ സംസാരിച്ചിരുന്നുള്ളൂ. റഹ്മാൻ എന്റെ അടുത്തു വന്നോ, ഞാൻ റഹ്മാന്റെ അടുത്തുപോയോ അന്നൊന്നും ഒന്നും സംസാരിച്ചിരുന്നില്ല. പിന്നെ, റോജായുടെ റെക്കോർഡിങ് സമയത്താണ് അന്നു കണ്ടിരുന്ന ആ ചെറിയ പയ്യനല്ലേ ഇതെന്ന് ഞാന്‍ ചിന്തിക്കുന്നത്.'

ഇപ്പോഴും അങ്ങനെ ഒരുപാട് സംസാരിക്കുന്ന പ്രകൃതമല്ല റഹ്മാന്റേതെന്നും ചിത്ര പറഞ്ഞു. ജോലിയിൽ അത്രയും സമര്‍പ്പണമുള്ള വ്യക്തിയാണ്. നല്ലബഹുമാനവും മര്യാദയുമുള്ള ആളാണ് റഹ്മാനെന്നും ചിത്ര കൂട്ടിച്ചേര്‍ത്തു.