വേദിയിൽ കണ്ണുനിറഞ്ഞ് ഷാൻ റഹ്മാൻ; തല കുനിച്ചു മത്സരാർഥി

മഴവിൽ മനോരമ സൂപ്പർ ഫോർ വേദിയിൽ മത്സരാർഥിയുടെ ആലാപനം കേട്ടു കണ്ണുനിറഞ്ഞു സംഗീത സംവിധായകന്‍ ഷാൻ റഹ്മാൻ. മത്സരാര്‍ഥിയായ വിഷ്ണുവിന്റെ ആലാപനം കേട്ടായിരുന്നു ഷാനിന്റെ കണ്ണുകൾ നിറഞ്ഞത്. 'ഹിസ് ഹൈനസ് അബ്ദുള്ള' എന്ന ചിത്രത്തിലെ 'ദേവസഭാതലം' എന്ന ഗാനമാണ് വിഷ്ണു പാടിയത്.

വിഷ്ണു പാടിയതു കേട്ടു ഷാനിന്റെ കണ്ണുനിറഞ്ഞെന്നു വിധികര്‍ത്താവായ സുജാത പറഞ്ഞു. അതാണ് ഒരു ഗായകനു കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരമെന്നും സുജാത കൂട്ടിച്ചേർത്തു. സുജാതയുടെ വാക്കുകൾ ഇങ്ങനെ: ' ഞാൻ ഒരു കാര്യം കണ്ടു. വിഷ്ണു പാടിക്കഴിഞ്ഞപ്പോൾ ഷാനിന്റെ കണ്ണുനിറഞ്ഞിരിക്കുന്നു. ‌ഞാൻ ചോദിച്ചപ്പോൾ കണ്ണിൽ വെള്ളം വന്നുപോയി എന്നു പറഞ്ഞു. അതാണു കിട്ടിയ ഏറ്റവും വലിയ പ്രൈസ്.' 

ഒരുപാടു ഡൈമെൻഷൻസുള്ള പാട്ട് ഇത്രയും മനോഹരമായി പാടിയതിൽ സമ്മതിക്കണമെന്നായിരുന്നു ഗാനം കേട്ട ശേഷം ഷാൻ റഹ്മാൻ പറഞ്ഞത്. വിഷ്ണുവിന്റേതു 'ഫിനോമിനൽ പെർഫോർമൻസ്' ആണെന്നായിരുന്നു ദീപക് ദേവിന്റെ അഭിപ്രായം. ഈ പാട്ട് വിഷ്ണു നന്നായി പാടിയെന്ന് ശരത്തും പറഞ്ഞു. 

1990 ലാണു 'ദേവസഭാതലം' എന്ന ഗാനം എത്തുന്നത്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് രവീന്ദ്രൻ സംഗീതം നൽകി. യേശുദാസ്, രവീന്ദ്രന്‍, ശരത്ത് എന്നിവർ ചേർന്നാണു ചിത്രത്തിൽ ഗാനം ആലപിച്ചത്.