സണ്ണി ലിയോണിനു വരാം; അങ്ങനെ നൃത്തം ചെയ്യാമെങ്കിൽ മാത്രം

വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ ബോളിവുഡ് നടി സണ്ണി ലിയോണിന്റെ ബെംഗളൂരുവിലെ പരിപാടിക്ക് അനുമതി. ഒരേയൊരു വ്യവസ്ഥയാണ് സണ്ണിക്ക് അനുമതി നൽകി കർ‌ണാടക രക്ഷണ വേദികെ മുന്നോട്ടുവെച്ചത്. കന്നഡ ഗാനത്തിനൊത്ത് സണ്ണി ചുവടുവെക്കണമെന്നാണ് 'കർണാടക രക്ഷണ വേദിക'യുടെ ആവശ്യം

'സണ്ണി ലിയോൺ ബെംഗളുരുവിലെത്തുന്നതിനോട് ഞങ്ങൾക്ക് എതിർപ്പൊന്നുമില്ല. അവർക്ക് എപ്പോള്‍ വേണമെങ്കിലും ഇവിടെ വരാം. എന്നാൽ നവംബറിൽ കന്നഡ രാജ്യോത്സവവുമായി ബന്ധപ്പെട്ട് സംസ്ഥാനമൊട്ടാകെ വിവിധ പരിപാടികൾ നടക്കുകയാണ്. കന്നഡ പ്രചാരണവുമായി ബന്ധപ്പെട്ട് തിയറ്ററുകളിൽ കന്നഡ ചിത്രങ്ങൾ, പബ്ബുകളിൽ കന്നഡ ഗാനങ്ങൾ എന്നിവ നവംബർ മാസം നിർബന്ധമാക്കിയിട്ടുണ്ട്.അതിനാല്‍ സണ്ണി പങ്കെടുക്കുന്ന ചടങ്ങിലും കന്നഡ ഗാനങ്ങൾ വേണം.'- കർണാടക രക്ഷണ വേദികെ അറിയിച്ചു.

നവംബർ മൂന്നിന് മാന്യത ടെക് പാർക്കിലെ വൈറ്റ് ഓർക്കിഡ് ഹോട്ടലിൽ വെച്ചാണ് സണ്ണി പങ്കെടുക്കുന്ന ചടങ്ങ്. കഴിഞ്ഞ വർഷം പുതുവർഷാഘോഷങ്ങൾക്ക് സണ്ണി ബെംഗളുരുവിലെത്താനിരുന്നതാണ്. 'സണ്ണി നൈറ്റ് ഇന്‍ ബെംഗളുരു' എന്ന പരിപാടി ഇതേ ഹോട്ടലിൽ തന്നെ നടത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ ചില സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന് പരിപാടി വേണ്ടെന്നുവെച്ചു.

സണ്ണി ലിയോണിന്റെ ചടങ്ങ് സംഘടിപ്പിക്കുന്നത് സംസ്കാരത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നായിരുന്നു കർണാടക യുവസേനയും രക്ഷണ വേദികെയും ആരോപിച്ചത്.