രാജാ സാര്‍ ഇരിക്കാൻ പറഞ്ഞാല്‍ എനിക്കു പേടിയാണ്: ചിത്ര

പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയ്ക്കു മുന്നിൽ ഇപ്പോഴായാലും ഇരിക്കാൻ പേടിയാണെന്നു കെ.എസ്. ചിത്ര. അത് അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ടാണെന്നും ചിത്ര പറഞ്ഞു. റേഡിയോ മാംഗോയുടെ സ്പോട്ട് ലൈറ്റ് എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ചിത്ര.

ചിത്രയുടെ വാക്കുകൾ ഇങ്ങനെ: 'രാജാ സാർ എന്നൊരു പഴ്സനാലിറ്റിയെ കുറിച്ച്, കാണാന്‍ ആളൊരു ചെറിയൊരു മനുഷ്യനാണ്. പക്ഷേ, നമുക്ക് അദ്ദേഹം ചെയ്തിരിക്കുന്ന മ്യൂസിക്കും അദ്ദേഹത്തിന്റെ അറിവും അറിയുന്നതു കൊണ്ടുള്ള ഒരു ഭയമാണ്. അല്ലാതെ അദ്ദേഹം നമ്മളെ ഒരിക്കലും വഴക്കു പറയുകയോ ഒന്നും ചെയ്തിട്ടില്ല. അതുപോലെ തന്നെയാണു ദാസേട്ടൻ. ദാസേട്ടൻ ഇപ്പോൾ എന്നെ ഒന്നു ഫോണിൽ വിളിക്കുകയാണ്. ഞാനിപ്പോ എവിടെയോ ഇരിക്കുകയാണ്. എന്നെ കാണുന്നതു പോലുമില്ല. പക്ഷേ, ദാസേട്ടൻ ഹലോ എന്നു പറഞ്ഞാല്‍ ഞാൻ ഇരിക്കുന്നിടത്തുനിന്ന് അറിയാതെ എഴുന്നേറ്റു പോകും. അത് ഓരോ പഴ്സനാലിറ്റിക്കും നമ്മുടെ മനസ്സിലുള്ള സ്ഥാനമാണ്. അതുപോലെ തന്നെയാണ് രാജാ സാറും. രാജാ സാർ ഇരിക്കാൻ പറഞ്ഞാൽ എനിക്കു പേടിയാണ്. നിർബന്ധിച്ചാൽ ഞാൻ ഇരിക്കുമായിരിക്കും. അല്ലെങ്കിൽ ഇല്ല.'

ഇളയരാജയെ ആദ്യമായി കണ്ട അനുഭവവും ചിത്ര പങ്കുവച്ചു. ഇത്രയും വലിയ ആളിനു മുന്നിൽ പാടുന്നത് എങ്ങനെ എന്നോർത്തു നല്ല ഭയമായിരുന്നു. തുടർന്ന് തെലുങ്കിൽ ഒരു കീർത്തനം ആലപിച്ചപ്പോൾ ചെറിയ തെറ്റു സംഭവിച്ചു. അത് അദ്ദേഹം തിരുത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ അടുത്തുനിന്ന് ഇറങ്ങിയപ്പോൾ, അത്രയും വലിയൊരു മനുഷ്യനെ കാണാൻ സാധിച്ചതു തന്നെ വലിയ ഭാഗ്യമായി അന്നു കരുതിയതായും ചിത്ര പറഞ്ഞു.