Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഴുത്തിൽ കമ്പി തറച്ചുകയറി; ചോര ചീറ്റി ഒഴുകാൻ തുടങ്ങി: എം. ജയചന്ദ്രൻ

m-jayachandran

ഗായകനെ സംബന്ധിച്ചിടത്തോളം പാടാൻ കഴിയാത്ത അവസ്ഥ വന്നാല്‍ അതു മരണ തുല്യമാണ്. കുട്ടിക്കാലത്തു  സംഭവിച്ച അപകടത്തെ കുറിച്ച് ഇപ്പോഴും ഞെട്ടല്ലോടെ ഓർക്കുകയാണ് സംഗീത സംവിധായകനും ഗായകനുമായ എം. ജയചന്ദ്രൻ. സമൂഹ മാധ്യമങ്ങളിലൂടെയാണു ജയചന്ദ്രൻ അനുഭവം പങ്കുവച്ചത്.

എം. ജയചന്ദ്രന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണ രുപം

ഓർമ്മമരം....

നീറമൺകര മന്നം മെമ്മോറിയൽ ഹൈസ്കൂളിലാണ് ഞാൻ പഠിച്ചത് .ഒന്നാം ക്ലാസ് മുതൽ പാട്ടു പാടുമായിരുന്നു. പതിവായി മത്സരങ്ങളിലും പങ്കെടുത്തിരുന്നു. സ്‌കൂളിൽ വിശാലമായ ഗ്രൗണ്ടും അതിനു ചുറ്റും മുള്ളുവേലിയും ഉണ്ടായിരുന്നു .

നാലാം ക്ലാസിൽ പഠിക്കുന്ന കാലത്തു ഞാൻ ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കുകയായിരുന്നു. ഓട്ടത്തിനിടെ എങ്ങനെയോ മുള്ളുവേലിയിലേക്കു വീണു. വീഴ്ചയുടെ ആഘാതത്തിൽ കഴുത്തിൽ കമ്പി തറച്ചുകയറി. ഒരു വിധത്തിൽ അതു വലിച്ചൂരിയതു മാത്രം ഓർമയുണ്ട്. കഴുത്തിൽ നിന്നു ചോര ചീറ്റിയൊഴുകാൻ തുടങ്ങി. എന്റെ സീനിയറായ വിനോദ്ജി ഓടിയെത്തി എന്നെ കോരിയെടുത്തു ഹെഡ്മാസ്റ്ററുടെ മുറിയിലേക്കു കൊണ്ടുപോയി കിടത്തി. ശിവശങ്കരൻ നായർ സാർ ആയിരുന്നു പ്രിൻസിപ്പൽ .അദ്ദേഹം കഴുത്തിലെ മുറിവിൽ പഞ്ഞി വച്ചു തന്നു .എനിക്ക് അപകടം പറ്റിയ കാര്യം അമ്മയെ വിളിച്ചുപറഞ്ഞു.

അമ്മ തിരുവനന്തപുരത്ത് അക്കാലത്തു കാർ ഓടിച്ചിരുന്ന അപൂർവം വനിതകളിൽ ഒരാളായിരുന്നു. അമ്മ കാർ ഓടിച്ചു പോകുന്നതു കണ്ട് പലരും അദ്ഭുതത്തോടെ നോക്കിയിരുന്ന കാലം. എന്തായാലും അപകടവിവരം അറിഞ്ഞയുടൻ അമ്മ സ്വയം കാർ ഓടിച്ചു സ്കൂളിലെത്തി. എന്നെ വണ്ടിയിൽ കയറ്റി ശാസ്തമംഗലം ശ്രീരാമകൃഷ്ണ ആശുപത്രിയിൽ എത്തിച്ചു. വലിയ മുറിവാണ് കുത്തിക്കെട്ടണമെന്നു പരിശോധിച്ച ഡോ.വെങ്കിടേശ്വരൻ പറഞ്ഞു.

‘‘എനിക്ക് ഇനി പാടാൻ പറ്റുമോ ഡോക്ടർ’’ എന്നായിരുന്നു എന്റെ ചോദ്യം. 

"അതിനെന്താ മോന് ഒരു കുഴപ്പവും വരില്ല.’’ എന്നു പറഞ്ഞ് അദ്ദേഹം ആശ്വസിപ്പിച്ചു.

കഴുത്തിൽ മധ്യഭാഗത്തു തന്നെ 22 സ്റ്റിച്ച് ഇടേണ്ടി വന്നു. എനിക്ക് എന്തെങ്കിലും പറ്റുമോയെന്ന് ആശങ്കയുണ്ടായിരുന്ന ഡോക്ടർ പിറ്റേന്നു രാവിലെ എട്ടു മണിക്കു തന്നെ ആശുപത്രിയിലെത്തി. ഭാഗ്യവശാൽ കുഴപ്പമൊന്നും സംഭവിച്ചില്ല. ഒരു മാസം സ്കൂളിൽ പോകാൻ സാധിച്ചില്ലെന്നു മാത്രം. പിൽക്കാലത്തു സുഹൃത്തുക്കളിൽ പലരെയും കാണുമ്പോൾ അവരെല്ലാം ചോദിക്കുന്നത് ഒന്നേയുള്ളൂ.‘‘പണ്ട് മുള്ളുകമ്പിയിൽ വീണയാളല്ലേ...’’

കഴുത്തിലെ മുറിപ്പാടും,മനസ്സിലെ ആ ഓർമ്മപ്പാടും മായാതെ കിടക്കുന്നു.ഇന്നും

( എം ജയചന്ദ്രൻ )