അന്ന് ശരിക്കും ഭയന്നു; മകളെ തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ടു: ചിൻമയിയുടെ അമ്മ

വൈരമുത്തുവിനെതിരെ ഗായിക ചിൻമയി ഉന്നയിച്ച ലൈംഗിക ആരോപണങ്ങളിൽ പ്രതികരണവുമായി ചിന്‍മയിയുടെ അമ്മ ടി. പത്മഹാസിനി. ചിൻമയി പറഞ്ഞ കാര്യങ്ങൾ സത്യമാണെന്നും, തുറന്നുപറയാൻ മകൾ കാണിച്ച ധൈര്യത്തിൽ അഭിമാനമുണ്ടെന്നും പത്മഹാസിനി പറഞ്ഞു. ഇത്തരം ഒരു പെരുമാറ്റം വൈരമുത്തുവിൽ നിന്നും ഉണ്ടായതിനെ തുടർന്ന് മകളെ ഉടൻ തിരിച്ചയക്കണമെന്നു വൈരമുത്തുവിന്റെ മാനേജരെ വിളിച്ച് ആവശ്യപ്പെട്ടതായും ചിൻമയിയുടെ അമ്മ വ്യക്തമാക്കി. 

ചിൻമയിയുടെ അമ്മയുടെ വാക്കുകൾ ഇങ്ങനെ: 2005ൽ ആയിരുന്നു വൈരമുത്തുവില്‍ നിന്നും ഇങ്ങനെ ഒരു അനുഭവം അവൾക്കുണ്ടായിരുന്നു. ചിൻമയി അപ്പോൾ കരിയർ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. മാത്രമല്ല വിവാഹം കഴിക്കാത്ത ഒരു പെൺകുട്ടി. അവളുടെ ഭാവിയെ കുറിച്ച് ഓർത്ത് എനിക്കു ഭയമായിരുന്നു. അതുകൊണ്ടാണ് അന്ന് ഇക്കാര്യം പുറത്തു പറയാതിരുന്നത്. ഇങ്ങനെ ഒരു അനുഭവം അവൾക്കുണ്ടായി എന്നറിഞ്ഞപ്പോൾ അവളെ തിരിച്ചയക്കണമെന്ന് വൈരമുത്തുവിന്റെ മാനേജരെ വിളിച്ച് ആവശ്യപ്പെട്ടു. ഇപ്പോൾ ഇതു തുറന്നു പറയാൻ അവൾ കാണിച്ച ധൈര്യത്തെ ഞാൻ അഭിനന്ദിക്കുന്നു. എനിക്ക് അവളെ ഓർത്ത് അഭിമാനമാണ്.'

സ്വിറ്റ്സർലാന്റിലെ ഒരു സംഗീത പരിപാടിക്കിടെ തനിക്ക് വൈരമുത്തുവില്‍ നിന്നും മോശം അനുഭവം ഉണ്ടായി എന്നായിരുന്നു ചിന്‍മയിയുടെ വെളിപ്പെടുത്തല്‍. ഹോട്ടല്‍ മുറിയില്‍ ചെന്ന് വൈരമുത്തുവിനെ കാണണമെന്നും അദ്ദേഹവുമായി സഹകരിക്കണമെന്നും സംഘാടകരില്‍ ഒരാള്‍ തന്നോട് ആവശ്യപ്പെട്ടിരുന്നു. വിസമ്മതിച്ചാല്‍ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നു അന്ന് ഭീഷണിപ്പെടുത്തിയതായും ചിൻമയി ട്വീറ്റ് ചെയ്തിരുന്നു.