'കാഴ്ച നഷ്ടമായാലും എനിക്കു സങ്കടമില്ല ചേട്ടാ', ആ ഗായകനു മുന്നില്‍ വാക്കുകളില്ലാതെ സുരാജ്

ജീവനും ജീവവായുവും സംഗീതം മാത്രമാകുന്ന ചിലരുണ്ട് നമുക്കിടയിൽ. അപ്പോൾ മറ്റൊരു വേദനയും അവരുടെ മനസ്സിനെ തളര്‍ത്താറില്ല. അങ്ങനെ ഒരാളാണ് സുമേഷ് അയിരൂർ എന്ന ഈ ഗായകൻ. മഴവിൽ മനോരമയുടെ മിമിക്രി മഹാമേളയുടെ വേദിയായിരുന്നു സുമേഷിനെ കേരളത്തിനു പരിചയപ്പെടുത്തിയത്. 

ഗ്ലോക്കോമ എന്ന രോഗം സുമേഷിന്റെ ഒരു കണ്ണിന്റെ കാഴ്ച പൂർണമായും ഇല്ലാതാക്കിയിരിക്കുന്നു. പത്തുവർഷത്തിനു ശേഷം അടുത്ത കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടു സുമേഷ് അന്ധതയിലേക്കു നീങ്ങും. വേദിയിലെ അവിസ്മരണീയ പ്രകടനത്തിനു ശേഷം അദ്ദേഹം തന്റെ അസുഖത്തെ പറ്റി വെളിപ്പെടുത്തിയപ്പോൾ ചലച്ചിത്ര താരം സുരാജ് വെഞ്ഞാറമൂടിനു വാക്കുകളില്ലായിരുന്നു. എന്തെങ്കിലും അത്ഭുതം സംഭവിക്കാൻ ആത്മാർഥമായി പ്രാർഥിക്കുകയാണെന്ന് സുരാജ് സുമേഷിനോടു പറഞ്ഞു. എന്നാൽ സുമേഷിന്റെ മറുപടി സദസ്സിനെയും സുരാജിനെയും ഒരുപോലെ അമ്പരപ്പിച്ചു.

സുമേഷിന്റെ വാക്കുകൾ ഇങ്ങനെ: 'എന്റെ കണ്ണിനെ ബാധിച്ചിരിക്കുന്നത് ഗ്ലോക്കോമ എന്ന അസുഖമാണ്. നേത്രം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയാലും കാഴ്ച വീണ്ടെടുക്കാനാകില്ല. കാരണം ഈ അസുഖം ബാധിക്കുന്നത് നേത്രഞരമ്പുകളെയാണ്. പക്ഷേ, കാഴ്ച നഷ്ടമാകുന്നതിലും എനിക്കു സങ്കടമൊന്നും ഇല്ല ചേട്ടാ... കാരണം അതിലും വലുത് എനിക്കു സംഗീതമാണ്.'

നിരവധി ഗായകരെയാണു മിമിക്രി മഹാമേളയുടെ വേദിയിൽ സുമേഷ് അനുകരിച്ചത്. യേശുദാസിനെയും എം.ജി. ശ്രീകുമാറിനെയുമെല്ലാം സുമേഷിലൂടെ സദസ്സ് കേട്ടു. അവിസ്മരണീയ പ്രകടനം കൊണ്ടു കാണികളെ കയ്യിലെടുത്താണ് സുമേഷ് വേദി വിട്ടത്.