അൽപം മനസ്സാക്ഷി വേണം; ഇങ്ങനെ ഒരു കുറിപ്പോടെ ഈ വിഡിയോ പങ്കുവെക്കരുത്...!

'ട്രോളൻമാർക്കു പണിയായി' എന്ന കുറിപ്പോടെയാണു ചലച്ചിത്രതാരം പ്രിയ വാര്യര്‍ പാട്ടുപാടുന്ന വിഡിയോ വൈറലാകുന്നത്. എന്നാൽ വളരെ ഗൗരവമേറിയ കാര്യവുമായാണ് ഇത്തവണ പ്രിയവാര്യർ എത്തിയത്. രോഗബാധിതരായ കുട്ടികൾക്കു വേണ്ടിയാണു പ്രിയയുടെ അഭ്യർഥന. 

'മാമ്പഴക്കാലം' എന്ന ചിത്രത്തിലെ 'കണ്ടു കണ്ടു കൊതികൊണ്ടു നിന്ന കുയിലേ' എന്ന ഗാനമാണു പ്രിയ വാര്യർ പാടുന്നത്. ലൈ സിൻഡ്രം ബാധിച്ച കുട്ടികൾക്കായി സാമ്പത്തിക സഹായം നൽകുന്നതിനായിരുന്നു പ്രിയയുടെ അഭ്യർഥന. സഹായം നൽകാൻ  സാധിക്കുന്ന  ആളുകൾ ധനസഹായമായോ ആയോ അല്ലെങ്കിൽ ഒരുപാട്ടു പാടി പങ്കുവെക്കുകയോ ചെയ്താൽ അവർക്കൊരു സഹായമായിരിക്കും. ബന്ധുവായ ഒരു കുഞ്ഞിന് ഈ അസുഖമുണ്ടെന്നും എല്ലാവരുടെയും സഹായം അഭ്യർഥിക്കുന്നതായും പ്രിയ വാര്യർ പറഞ്ഞു. രോഗബാധിതരായ കുട്ടികൾക്കൊരു സഹായം എന്ന കുറിപ്പോടെ പ്രിയ വാര്യർ പങ്കുവച്ച വിഡിയോയാണു ട്രോളൻമാർക്കു പണിയായി എന്നിങ്ങനെയുള്ള കുറിപ്പോടെ ചിലർ പങ്കുവെക്കുന്നത്

നേരത്തെ പ്രിയ വാര്യരുടെ പല വിഡിയോകൾക്കും മോശം രീതിയിലുള്ള കമന്റുകൾ വന്നിരുന്നു. ഒരു അഡാറ് ലൗവ്വിലെ ഗാനം ഫ്രിക്ക് പെണ്ണേ എന്ന ഗാനത്തിനു വലിയ വിമർശനം ഉയർന്നിരുന്നു. എന്നാൽ പ്രിയയുടെ ഈ പാട്ട് വിഡിയോയ്ക്ക് മികച്ച പ്രതികരണമാണു ലഭിക്കുന്നത്. ഇത്തരം നല്ലകാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നു പലരും കമന്റ് ചെയ്തു.