ആദ്യം ഭാരതീയ സംസ്കാരം കുട്ടികളിലേക്കു വിൽക്കൂ; എന്നിട്ടു മതി; എ.ആർ. റഹ്മാൻ

ഭാരതീയ സംസ്കാരം ആദ്യം നമ്മൾ നമ്മുടെ കുട്ടികളിലേക്കാണു വിൽക്കേണ്ടതെന്ന് എ. ആർ റഹ്മാന്‍. എന്നിട്ടുമതി മറ്റിടങ്ങളിലേക്കു പ്രചരിപ്പിക്കുന്നത്. കാരണം കുട്ടികളിലാണു സംസ്കാരത്തിന്റെ വിത്തുകൾ വേരുപാകേണ്ടതെന്നും റഹ്മാൻ പറഞ്ഞു. കുറച്ചു വർഷങ്ങളായി മറാത്തി സിനിമ ഇതിൽ ഏറെ മുൻപന്തിയിലാണെന്നും റഹ്മാൻ പറഞ്ഞു. ഒരു ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു റഹ്മാന്റെ പരാമർശം. 

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ദേശീയ അന്തർദേശീയ ചലച്ചിത്ര മേളകളില്‍ മറാത്തി ചിത്രങ്ങള്‍ ഏറെ ശ്രദ്ധനേടിയിരുന്നു.  അതുകൊണ്ടു തന്നെ മറാത്തി സിനിമകളെ കുറച്ച്് എന്താണ് അഭിപ്രായമെന്ന ചോദ്യത്തിനു റഹ്മാന്റെ മറുപടി ഇങ്ങനെ: 'വളരെ പ്രശംസനീയമായ നീക്കമാണ് ഇത്. മറാത്തി സിനിമകൾ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചവയാണ്. കാരണം ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിനു വളരെ അധികം പ്രാധാന്യം നൽകുന്നവയാണു മറാത്തി സിനിമകൾ. പാരമ്പര്യ സംഗീതം അതിമനോഹരമായി ഈ ചിത്രങ്ങളിൽ ആവിഷ്കരിച്ചിട്ടുണ്ട്. ഇന്ത്യയുടെ പാരമ്പര്യവും സംസ്കാരവും അന്തർദേശീയ തലത്തിൽ എത്തിക്കാൻ മറാത്തി ചിത്രങ്ങൾക്കു കഴിയുന്നുണ്ട്. നമ്മുടെ കുട്ടികളിലേക്കു നമ്മുടെ സംസ്കാരം എത്തിക്കുക. അത് അവർക്കു മനസ്സിലാകുന്ന രീതിയിൽ എത്തിക്കുന്നതിൽ മറാത്തി സിനിമകൾ ഒരു പരിധി വരെ  വിജയിച്ചിട്ടുണ്ട്.'

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യയിലെ മുൻനിര സിനിമകളിൽ ശാസ്ത്രീയ സംഗീതത്തിലെ രാഗങ്ങൾ എങ്ങനെ ഉൾപ്പെടുത്താൻ സാധിക്കുമെന്നു പഠിച്ചു വരികയാണെന്നും റഹ്മാൻ പറഞ്ഞു. നിർഭാഗ്യമെന്നു പറയട്ടെ പരമ്പരാഗതമായ രീതിയിൽ ഇത്തരം രാഗങ്ങൾ അവതരിപ്പിക്കുമ്പോൾ സാധാരണക്കാർക്ക് അതിൽ താത്പര്യം ഉണ്ടാകില്ല. അതിൽ ചെറിയമാറ്റം വരുത്തുമ്പോൾ സംഗീതം ഇഷ്ടപ്പെടുന്നവർ ഈ ഗാനങ്ങളെയും സ്വീകരിക്കുമെന്നു തനിക്ക് ഉറപ്പാണെന്നും റഹ്മാന്‍ കൂട്ടിച്ചേർത്തു.