പ്രശസ്ത ഗാനരചയിതാവ് വൈരമുത്തു ആശുപത്രിയിൽ

പ്രശസ്ത തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അലർജി സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്നലെയാണ് അദ്ദേഹത്തെ മധുരയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ഭക്ഷണത്തിൽ നിന്നുണ്ടായ അലര്‍ജിയാണു വൈരമുത്തുവിനെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായും അവർ പറഞ്ഞു. പശുമലൈയിലുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് വൈരമുത്തുവിനെ അസുഖബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

മീടൂ ക്യാംപെയ്നിന്റെ ഭാഗമായി വൈരമുത്തുവിനെതിരെ ഗായിക ചിൻമയി അടക്കമുള്ളവർ ഗുരുതരമായ ലൈംഗിക ആരോപണങ്ങളാണ് ഉന്നയിച്ചത്. ആരോപണങ്ങളിൽ ചിൻമയിക്കെതിരെ കോടതിയെ സമീപിക്കുമെന്നായിരുന്നു വൈരമുത്തു പറഞ്ഞത്. പ്രമുഖർക്കെതിരെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതു ഫാഷനായാണു ചിൻമയിയെ പോലെയുള്ളവർ കരുതുന്നതെന്നും വൈരമുത്തു പറഞ്ഞു.