പാട്ടു പാടാനാണു വിളിച്ചതെന്ന് രഞ്ജിത്ത്; പാടിത്തിമിർത്ത് മോഹൻലാൽ

മോഹൻലാൽ നായകനാകുന്ന ഡ്രാമയിലെ പ്രൊമോ സോങ് എത്തി. മോഹൻലാൽ തന്നെയാണു ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന്റെ മെയ്ക്കിങ് വിഡിയോയാണു പുറത്തുവിട്ടിരിക്കുന്നത്. രഞ്ജിത്താണു ചിത്രത്തിന്റെ കഥയും സംവിധാനവും. 

മോഹൻലാലിന്റെയും രഞ്ജിത്തിന്റെയും ഡയലോഗിലൂടെയാണു ഗാനം തുടങ്ങുന്നത്. 'താളംപിടിച്ചോ ഫുൾ സോങ് പാടിയേക്കാം, പാട്ടുപാടാനാണു വിളിച്ചത് അല്ലേ' എന്നാണ് മോഹൻലാലിന്റെ ചോദ്യം. 'പാട്ടും പാടുമെന്ന് അറിയാം അതുകൊണ്ടു തന്നെയാണു വിളിച്ചത്' എന്നാണ് രഞ്ജിത്തിന്റെ മറുപടി. ഇതുകൂടി കേട്ടതോടെ പാടി തകർക്കുകയാണു മോഹൻലാൽ. ‌

'പണ്ടാരാണ്ട്' എന്നു തുടങ്ങുന്ന ഗാനമാണു മോഹൻലാൽ ആലപിച്ചത്. ബി.കെ. ഹരിനാരായണന്റെ വരികൾക്കു വിനു തോമസ് ആണു സംഗീതം പകർന്നിരിക്കുന്നത്. കനിഹ, ആശാശരത്ത്, ശ്യാമപ്രസാദ് രഞ്ജി പണിക്കർ, സുരേഷ് കൃഷ്ണ എന്നിവരാണു ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. നവംബർ ഒന്നിനു ചിത്രം തിയറ്ററുകളിലെത്തും. 

ഗാനം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മികച്ച പ്രതികരണമാണു ഗാനത്തിനു ലഭിക്കുന്നത്. പാട്ടുകൊള്ളാം, കുസൃതി നിറഞ്ഞ നമ്മുടെ ലാലേട്ടൻ വീണ്ടും വന്നു. സൂപ്പർ സോങ് എന്നാണു പലരുടെയും കമന്റുകൾ. ഗാനം യുട്യൂബ് ട്രെന്റിങ്ങിൽ ഇടംപിടിക്കുകയും ചെയ്തു. റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം തന്നെ ഒന്നരലക്ഷത്തോളം ആളുകളാണു ഗാനം കണ്ടത്