ഹരിശങ്കറിന്റെ മാജിക്കിൽ കോരിത്തരിച്ച് നായികാ നായകൻ വേദി

പൂക്കൾ പൂക്കും തരുണം.... വേദിയിൽ നിന്ന് ഹരിശങ്കർ പാടി തുടങ്ങിയപ്പോൾ തന്നെ കരഘോഷങ്ങൾ മുഴങ്ങി. മഴവിൽ മനോരമ നായികാ നായകൻ റിയാലിറ്റി ഷോ ഗ്രാൻഡ് ഫിനാലെയിലായിരുന്നു യുവഗായകൻ ഹരിശങ്കറിന്റെ ഹൃദയഹാരിയായ പാട്ട്. 

മദ്രാസിപട്ടണം, തീവണ്ടി, നിറം എന്നീ ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങൾ കോർത്തിണക്കിയ മെഡ്്ലിയാണ് ഹരിശങ്കർ സംഗീതപ്രേമികൾക്കു മുന്നിൽ അവതരിപ്പിച്ചത്. ഓരോ ഗാനവും നിറഞ്ഞ കയ്യടികളോടെ സദസ് സ്വീകരിച്ചു. വേദിയിൽ പാടിയ മൂന്നു ഗാനവും യുട്യൂബിലെ മില്ല്യൺ ക്ലബിൽ ഇടം നേടിയ പാട്ടുകളാണ്. ജീവാംശമായി എന്ന ഗാനം 29 മില്ല്യണിലധികം പേരും മദ്രാസിപട്ടണത്തിലെ പാട്ടിന് ഹരിശങ്കർ ഒരുക്കിയ കവർ വേർഷൻ മൂന്നു മില്ല്യണലധികം പോരുമാണ് യുട്യൂബിൽ കണ്ടത്. മിഴിയറിയാതെ എന്ന ഗാനത്തിന്റെ കവർ വീഡിയോയും ഒന്നര മില്ല്യൺ ആളുകൾ യുട്യൂബിൽ കണ്ടിട്ടുണ്ട്. ഈ മൂന്നു ഗാനങ്ങൾ കോർത്തിണക്കിയ പ്രകടനം ഗംഭീരൻ പ്രകടനമാണ് ഹരിശങ്കർ  നായികാ നായികൻ വേദിയിൽ കാഴ്ച വച്ചത്. 

മെഡ്ലിയിലെ അവസാന ഗാനം നായിക നായകൻ മെന്റർ കൂടിയായ കുഞ്ചാക്കോ ബോബന് സമർപ്പിക്കുകയും ചെയ്തു. "ആൺപിള്ളേർക്ക് ശരിയ്ക്കും അസൂയയാണ് ചാക്കോച്ചനോട്. അതുപോലെ പെമ്പിള്ളേർക്ക് ഭയങ്കര ഇഷ്ടവും. കൊച്ചിലെ മുതൽ കേട്ടു വരുന്ന ഒരു പാട്ടാണിത്. ചാക്കോച്ചനും ഇഷ്ടമുള്ള ഒരു പാട്ടാണ്," ഹരിശങ്കർ ആമുഖമായി പറഞ്ഞു. തനിക്ക് ലഭിക്കുന്ന വലിയൊരു അംഗീകാരമാണിതെന്നായിരുന്നു ചാക്കോച്ചന്റെ മറുപടി.