ശങ്കർ മഹാദേവൻ എന്ന എൻജിനീയർ സംഗീതജ്ഞനായ കഥ കാണാം, അവിടെ...!

പ്രശസ്ത സംഗീതജ്ഞൻ ശങ്കർ മഹാദേവന്റെ സംഗീത ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ‌ 'ഡീകോഡിങ് ശങ്കർ' ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ശങ്കർ മഹാദേവന്റെ സംഗീത യാത്രയെ വിശകലനം ചെയ്യുന്ന ഡോക്യൂമെന്ററി തയ്യാറാക്കിയിരിക്കുന്നത് ദീപ്തി ശിവൻ ആണ്. സോഫ്റ്റ് വെയർ എൻജിനീയർ ആയിരുന്ന ശങ്കർ മഹാദേവൻ ജോലി ഉപേക്ഷിച്ചാണ് സംഗീത മേഖലയിലേക്ക് എത്തിയത്. 

ജോലി ഉപേക്ഷിച്ച ശങ്കർ മഹാദേവൻ പിന്നീട് അറിയപ്പെടുന്ന സംഗീതജ്ഞനായി മാറി. ഈ കാലഘട്ടത്തിലെ അദ്ദേഹത്തിന്റെ ഉയർച്ചയും താഴ്ചയും ജീവിതാനുഭവങ്ങളുമാണ് ഡോക്യുമെന്ററിയുടെ പ്രമേയം. മൂന്ന് തവണ മികച്ച പിന്നണിഗായകനുള്ള ദേശീയ പുരസ്‍കാരവും രണ്ട് തവണ മികച്ച സംഗീത സംവിധായകനുള്ള പുരസ്‍കാരവും ശങ്കര്‍ മഹാദേവന് ലഭിച്ചു. മികച്ച ഗായകനുളള കേരള സംസ്ഥാന പുരസ്‍കാരവും ശങ്കര്‍ മഹാദേവൻ സ്വന്തമാക്കി. ആ സംഗീതയാത്രയാണ് ഡികോഡിംഗ് ശങ്കര്‍ എന്ന ഡോക്യുമെന്ററിയില്‍ പറയുന്നത്. 

യുവ ഗായകര്‍ക്കു പ്രചോദനമാകുന്ന ആ ജീവിത കഥ പറയുന്ന ഡോക്യുമെന്ററി ഇതിനകം തന്നെ നിരവധി ചലച്ചിത്രമേളകളില്‍ പ്രദർശിപ്പിച്ചു. മികച്ച പ്രതികരണമാണു മേളകളിലുടനീളം ഡോക്യുമെന്റെറിക്കു ലഭിച്ചത്.